| Friday, 17th March 2023, 6:14 pm

കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാതെ സര്‍ക്കാര്‍; തീരദേശ ഹൈവേയുടെ പേരിലുള്ള ഭൂമി കയ്യേറ്റം അവസാനിപ്പിക്കണം: തീരഭൂ സംരക്ഷണ വേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തീരദേശ ഹൈവേയുടെ പേരില്‍ ജനങ്ങളെ കുടിയിറക്കാനും ഭൂമി കയ്യേറാനുമുള്ള നീക്കം അവസാനിപ്പിക്കണമെന്ന് തീരഭൂ സംരക്ഷണ വേദി സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരാഹിത്യം നേരിടുന്ന തീരദേശ മേഖലയില്‍ പുതിയ ഹൈവേ അടിച്ചേല്‍പ്പിക്കുന്നത് ജനവിരുദ്ധവും കൊടിയ അഴിമതിക്ക് ഇട നല്‍കുന്നതുമാണെന്നും സംരക്ഷണ വേദിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആരോപിച്ചു.

കടല്‍ക്ഷോഭംകൊണ്ട് കുടിയിറക്കപ്പെട്ട് വര്‍ഷങ്ങളായി സിമന്റ് ഗോഡൗണുകളില്‍ ദുരിത ജീവിതം നയിക്കുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാതെ സര്‍ക്കാര്‍ കുടിയിറക്ക് പ്രഖ്യാപിക്കുകയാണെന്നും അവര്‍ പറഞ്ഞു.

‘നിരന്തരം ഉണ്ടാകുന്ന കടല്‍ക്ഷോഭംകൊണ്ട് കുടിയിറക്കപ്പെട്ട് വര്‍ഷങ്ങളായി സിമന്റ് ഗോഡൗണുകളില്‍ ദുരിത ജീവിതം നയിക്കുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കാതെ പുതിയ കുടിയിറക്ക് പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ തന്നെ പണി നടന്നുകൊണ്ടിരിക്കുന്ന എന്‍.എച്ച് 66 നിന്നും 100 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ മാത്രം അകലത്തിലാണ് നിര്‍ദിഷ്ട തീരദേശ ഹൈവേ കടന്നുപോകുന്നത് എന്നതുതന്നെ ഇത് അനാവശ്യമായ പദ്ധതിയാണെന്ന് തെളിയിക്കുന്നു.

കെ റെയില്‍ പദ്ധതിയിലൂടെ ലക്ഷ്യംവെച്ച അഴിമതി തീരദേശ ഹൈവേയിലൂടെ നിറവേറ്റാനുള്ള കുറുക്കുവഴിയാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. തീരദേശത്ത് കുടില്‍ കെട്ടാന്‍ പോലും അനുവാദമില്ലാത്ത സാഹചര്യത്തില്‍ വന്‍കിട നിര്‍മാണ പ്രവര്‍ത്തനത്തിന് ഇട വരുത്തുന്ന ഹൈവേ നിര്‍മാണത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം.

ഇതുവരെയും വിശദ പദ്ധതി രേഖ പുറത്തുവിടാനോ ജനങ്ങളുമായി ചര്‍ച്ച നടത്താനോ തയ്യാറാകാതെയാണ് വീടുകയ്യേറി കല്ലിടാന്‍ അധികൃതര്‍ മുന്നോട്ടുവരുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ തീരദേശത്തുനിന്ന് ആളുകളെ ഇറക്കി വിട്ട് തീരദേശമാകെ കോര്‍പ്പറേറ്റുകള്‍ക്കും ടൂറിസം മാഫിയക്കും എഴുതിക്കൊടുക്കാനുള്ള ശ്രമം കൂടി ഇതിന്റെ ഭാഗമായി നടക്കുന്നു,’ തീരഭൂ സംരക്ഷണവേദി ആരോപിച്ചു.

സംസ്ഥാന കമ്മറ്റി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ മാഗ്ലിന്‍ ഫിലോമിന അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സിന്ധൂര എസ്, കെ.പി. പ്രകാശന്‍ എന്നിവര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു.

മുഹമ്മദ് പൊന്നാനി സ്വാഗതം പറഞ്ഞു. പി. അജയന്‍, തല്‍ഹത്ത് വെളളയില്‍, ജയിംസ് നെറ്റോ, സലിം പറവണ്ണ, എല്‍സി ഗോമസ്, സുനിത യേശുദാസ്, സാംസന്‍ ജോണി, എ.എം ഗഫൂര്‍, പി.കെ. സിദ്ധിഖ്, ഷംസുദീന്‍ മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

c0ntent highlight: The government does not resettle the displaced; Land encroachment in the name of coastal highway must stop: Coastal Protection Forum

We use cookies to give you the best possible experience. Learn more