| Wednesday, 24th February 2021, 11:47 am

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതടക്കമുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കേരളത്തില്‍ വിവിധയിടങ്ങളിലായി നാമജപ ഘോഷയാത്രയിലടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഗുരുതരമല്ലാത്ത ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നിലപാടെടുത്ത കേരളത്തിലാണ് പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ശബരിമല പ്രവേശന വിധിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസും ശബരിമല സമരസമിതിയും നേരത്തെ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlight: The government decided to withdraw Sabarimala and caa cases

We use cookies to give you the best possible experience. Learn more