കാല്‍പന്ത് കളിയുടെ രാജാവും അര്‍ജന്റൈന്‍ ഇതിഹാസവുമായ ഡീഗോ മറഡോണയോടുള്ള ആദര സൂചകമായി സ്വര്‍ണ്ണക്കാലുള്ള പ്രതിമ നിര്‍മിച്ചു.
നാപോളി സ്‌റ്റേഡിയത്തിലാണ് (Diego Armando Maradona Stadium) പ്രതിമ നിര്‍മിച്ചത്. ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ നാപോളിയും സസുവോളോയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി പ്രതിമ അനാവരണം ചെയ്തു.
പന്തുമായി കുതിക്കുന്ന മറഡോണയെയാണ് പ്രതിമയാക്കിയത്. വിഖ്യാത ഗോളുകള്‍ നേടിയ ഇടംകാല്‍ സ്വര്‍ണം പൂശിയാണ് രൂപകല്‍പ്പന ചെയ്തത്.
ഇതിഹാസം മരിച്ചതിന് ശേഷമുള്ള ആദ്യത്തെ ലോകകപ്പാണ് ഖത്തറില്‍ അരങ്ങേറാനിരിക്കുന്നത്. വിങ്ങലോടെയാണ് അര്‍ജന്റൈന്‍ ദേശീയ ടീമും ആരാധകരും അദ്ദേഹത്തിന്റെ വിയോഗം ഓര്‍ത്തെടുക്കുന്നത്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 1986-ലെ ലോകകപ്പില്‍ മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും, മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.
Napoli unveiled a Diego Maradona statue ahead of today’s game and it’s perfect 👏 pic.twitter.com/mzJPUWQLxK
ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു.
റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു.
കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ലോകമെമ്പാടുമുള്ള ആരാധകവൃന്ദം കൊണ്ടും ശ്രദ്ധേയനാണ് മറഡോണ. കാല്‍പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളില്‍ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.