| Friday, 20th January 2023, 4:38 pm

മെസിയോ റൊണാൾഡോയോ 'GOAT' എന്ന തർക്കം തീർന്നു, റൊണാൾഡോയാണത്; പ്രമുഖ യൂട്യൂബർ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോൾ ആരാധകർ വളരെ ആവേശത്തോടെ കാത്തിരുന്ന പി.എസ്.ജി, സൗദി ഓൾ സ്റ്റാർസ് മത്സരത്തിൽ മികച്ച പ്രകടനമാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുത്തത്.അൽ നസർ, അൽ ഹിലാൽ ക്ലബ്ബുകളിലെ താരങ്ങൾ അടങ്ങിയ ടീമാണ് സൗദി ഓൾ സ്റ്റാർസ്.

മെസി ഗോളടിച്ചു തുടക്കമിട്ട മത്സരത്തിൽ രണ്ട് ഗോളുകൾ സ്വന്തമാക്കാനും മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആകാനും റൊണാൾഡോക്ക് സാധിച്ചിരുന്നു. നീണ്ട കാലത്തെ ഫോമില്ലായ്മ മൂലം കഷ്ടപ്പെട്ട റോണോയുടെ സമയം കഴിഞ്ഞു എന്ന് വരെ വിമർശകർ വിലയിരുത്തിയ വേളയിലാണ് മിന്നും പ്രകടനം കാഴ്ച വെച്ച് താനിപ്പോഴും ലോകത്തെ മികച്ച ഫുട്ബോളർമാരിലൊരാളാണ് എന്ന് റൊണാൾഡോ തെളിയിച്ചത്.

മത്സരശേഷം മെസിയോ റൊണാൾഡോയോ G.O.A.T(ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന തർക്കം അവസാനിച്ചെന്നും റൊണാൾഡോയാണ് G.O.A.T എന്ന് തെളിഞ്ഞെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ യൂട്യൂബറായ ഐഷോസ്പീഡ്.

റൊണാൾഡോയുടെ വലിയൊരു ആരാധകൻ കൂടിയാണ് ഇദ്ദേഹം. 1.7മില്യൺ ഫോളോവേഴ്സുള്ള തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഐഷോസ്പീഡ് റൊണാൾഡോയാണ് ഇനി ഗോട്ടെന്നുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

മത്സരത്തിൽ പി.എസ്.ജിയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി ഓൾ സ്റ്റാർസ് കാഴ്ചവെച്ചത്. ലോകോത്തര താരങ്ങൾ അടങ്ങിയ പി.എസ്.ജി നേടിയ അഞ്ച് ഗോളുകൾക്ക് പകരമായി നാല് ഗോളുകൾ തിരിച്ചടിക്കാൻ സൗദി ഓൾ സ്റ്റാർസിന് കഴിഞ്ഞിരുന്നു.

ഒരു ഘട്ടത്തിൽ മത്സരത്തിൽ സൗദി ഓൾ സ്റ്റാർസ് വിജയിക്കുമെന്ന പ്രതീതി പോലുമുണ്ടായിരുന്നു. എന്നാൽ അവസാന മിനിട്ടുകളിൽ പി.എസ്.ജി ഗോൾ കീപ്പർ ടൊന്നാറുമയുടെ മികച്ച പ്രകടനമാണ് പി. എസ്.ജിക്ക് രക്ഷയായത്.

ലോക ഫുട്ബോൾ ആരാധകർ മുഴുവൻ ആവേശത്തോടെ കാത്തിരുന്ന മത്സരം കാണാൻ ഏകദേശം 68,000 കാണികൾ കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. കൂടാതെ ടെലിവിഷനിലൂടെയും സ്ട്രീമിങ് സൈറ്റുകളിലൂടെയും കോടിക്കണക്കിനാളുകളാണ് മത്സരം തത്സമയം വീക്ഷിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Content Highlights:The ‘GOAT’ debate between Messi and Ronaldo is over, it’s Ronaldo;said famous youtuber

We use cookies to give you the best possible experience. Learn more