കൈപ്പത്തി അടയാളത്തില്‍ വിജയിച്ച എം.എല്‍.എമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; ഇത് ഗോവന്‍ രാഷ്ട്രീയ ചിത്രം
national news
കൈപ്പത്തി അടയാളത്തില്‍ വിജയിച്ച എം.എല്‍.എമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; ഇത് ഗോവന്‍ രാഷ്ട്രീയ ചിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2020, 4:51 pm

പനാജി: കൈപ്പത്തി അടയാളത്തില്‍ വിജയിച്ച് പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന തങ്ങളുടെ മുന്‍ എം.എല്‍.എമാരോട് രാജിവെച്ച് ബി.ജെ.പി ചിഹ്നത്തില്‍ ജനവിധി തേടാന്‍ നേരില്‍ കണ്ട് ആവശ്യപ്പെടുമെന്ന് ഗോവന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച 10 എം.എല്‍.എമാരാണ് കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്നത്.

10 എം.എല്‍.എമാരുടെയും വീടുകളിലെത്തി രാജി ആവശ്യപ്പെടുകയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചിഹ്നത്തില്‍ വീണ്ടും ജനവിധി തേടണമെന്ന് പറയുകയും ചെയ്യുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ഉര്‍ഫാന്‍ മുല്ല പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് 10 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ എം.എല്‍.എമാരെല്ലാം കോണ്‍ഗ്രസ് ടിക്കറ്റിലാണ് വിജയിച്ചത്. ബി.ജെ.പിയെ തള്ളിയാണ് ജനങ്ങള്‍ ഇവരെ തെരഞ്ഞെടുത്തത്. ആ ജനങ്ങളെ വഞ്ചിച്ചാണ് അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഉര്‍ഫാന്‍ മുല്ല പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

10 എം.എല്‍.എമാരില്‍ ഒരാളായ സെന്റ് ക്രൂസ് എം.എല്‍.എ അന്റോണിയോ ഫെര്‍ണാണ്ടസിന്റെ വീട്ടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാജി ആവശ്യപ്പെട്ട് ആദ്യം എത്തുക. അദ്ദേഹത്തോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്യുമെന്ന് ഉര്‍ഫാന്‍ മുല്ല പറഞ്ഞു.

2017 തെരഞ്ഞെടുപ്പിന് ശേഷം ഗോവയില്‍ തൂക്ക് നിയമസഭയാണ് ഉണ്ടായത്. ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ ബലത്തിലാണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലെത്തിയതോടെ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുമായുള്ള ബന്ധം ബി.ജെ.പി ഉപേക്ഷിച്ചിരുന്നു.