'നജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡയുടെ ആരോപണം തെളിഞ്ഞാല്‍ ഉത്തരവാദി നരേന്ദ്ര മോദി'; ആഗോള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍
World News
'നജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡയുടെ ആരോപണം തെളിഞ്ഞാല്‍ ഉത്തരവാദി നരേന്ദ്ര മോദി'; ആഗോള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2023, 8:55 am

ന്യൂദല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ കാനഡ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാകുമെന്ന് ആഗോള മാധ്യമങ്ങള്‍.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് ) പ്രധാനമന്ത്രിയിലേക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണെന്നും ആരോപണം തെളിഞ്ഞാല്‍ മോദിയിലേക്ക് വിരല്‍ ചൂണ്ടപ്പെടുമെന്നും ഫ്രഞ്ച് വാര്‍ത്താ ശൃംഖലയായ ‘ഫ്രാന്‍സ് 24’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വന്‍ നയതന്ത്ര പ്രതിസന്ധിയിലേക്കാവും വഴിവെക്കുകയെന്നും വിദഗ്ധരുമായുള്ള അഭിമുഖങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഫ്രാന്‍സ് 24 പറയുന്നു.

ആഭ്യന്തര രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ മോദി ചാരന്മാരെ അക്രമാസക്തരാക്കി. വിദേശരാജ്യങ്ങളില്‍ കൊലപാതകം നടത്താനുള്ള ലൈസന്‍സ് പ്രധാനമന്ത്രി തന്നെ അവര്‍ക്ക് നല്‍കി. ദേശീയ താത്പര്യങ്ങളെന്ന വ്യാജേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപകടം വിളിച്ചുവരുത്തുമെന്നും ഈ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അന്വേഷണത്തോട് മോദി സഹകരിക്കുമെന്ന് തോന്നുന്നില്ലെന്നും അപകടം പിടിച്ച ദേശീയത കത്തിച്ച് രാഷ്ട്രീയം ലാഭം കൊയ്യാനാണ് ശ്രമിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിം ജിഹാദികളില്‍ നിന്നും സിഖ് വിഘടനവാദികളില്‍ നിന്നും ഹിന്ദു ഭൂരിപക്ഷത്തിന്റെ സംരക്ഷകനായി സ്വയം ചിത്രീകരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്തോ- പസഫിക്കിലെ താത്പര്യവും ചൈന വിരോധവും കണക്കിലെടുത്ത് അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യ-കാനഡ വിഷയത്തില്‍ ആശങ്ക പങ്കുവെച്ചിട്ടുണ്ടെങ്കിലും പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടേക്കില്ല എന്നും ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നു.

മോദിയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇതുവരെ നിശബ്ദരായിരു പാശ്ചാത്യ രാജ്യങ്ങള്‍ ആരോപണം തെളിഞ്ഞാല്‍ നിലപാട് മാറ്റുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത്.

അതേസമയം ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് കാനഡ, യു.എസ്, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ‘ഫൈവ് ഐ’സിന് ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഫൈവ് ഐസ് പങ്കാളികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നും സൂചനയുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിങ്ഡം, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന രഹസ്യാന്വേഷണ സഖ്യമാണ് ‘ഫൈവ് ഐസ്’.

Content Highlight: The global media said that Prime Minister Narendra Modi will be held responsible if Canada’s allegations against India are proved