| Friday, 11th February 2022, 4:11 pm

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാവര്‍ക്കുമുണ്ട്, എന്ത് ധരിക്കണം എന്നതിനേക്കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ സ്വയം തീരുമാനിച്ചു തുടങ്ങി: രജിഷ വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലെ എലിസബത്തിനെ അത്രപെട്ടന്ന് ആരും മറക്കാനിടയില്ല. ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചൊരു നായികയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും രജിഷയ്ക്ക് ലഭിക്കുകയുമുണ്ടായി.

ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായതിന് ശേഷമാണ് രജിഷ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാന്‍ താരത്തിനായിട്ടുണ്ട്.

ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആന്തോളജി സ്വഭാവത്തിലുള്ള ചിത്രമായ ഫ്രീഡം ഫൈറ്റ് എന്ന സീരീസിലെ ആദ്യചിത്രമായ ‘ഗീതു അണ്‍ചെയിന്‍ഡ്’ല്‍ പ്രധാനവേഷം ചെയ്യുന്നത് രജിഷ വിജയനാണ്.

ആരായിരിക്കണം തന്റെ ജീവിത പങ്കാളിയെന്ന് തെരഞ്ഞെടുക്കാനുള്ള അടിസ്ഥാനപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് രജിഷ അവതരിപ്പിക്കുന്ന ഗീതു.

ഗീതുവിനെ കുറിച്ചും വരാനിരിക്കുന്ന തന്റെ മറ്റ് സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് താരമിപ്പോള്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

സ്വാതന്ത്ര്യത്തെക്കുറിച്ച് അഞ്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് സിനിമയില്‍ വരുന്നതെന്നും ഗീതുവിന്റെ കഥ എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണെന്നും രജിഷ പറയുന്നു.

‘തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാവര്‍ക്കുമുണ്ട്. നമുക്ക് എന്തെങ്കിലും തെരഞ്ഞെടുക്കാന്‍ പറ്റുക, തെറ്റിപ്പോയാല്‍ തിരുത്തുക എന്നതിനെല്ലാമുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ. എന്നാല്‍ സ്വാതന്ത്ര്യമില്ലായ്മയുമുണ്ട്. അതേക്കുറിച്ച് കുറച്ച് തമാശ കലര്‍ത്തിയാണ് പറയുന്നത്. അഖില്‍ കഥ പറയുമ്പോള്‍ മനസില്‍ അത് കാണാന്‍ പറ്റും. പല വിഷയങ്ങള്‍ സിനിമയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിഷയം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല,’ താരം പറയുന്നു.

പെണ്‍കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയെന്നും സ്വയം തീരുമാനമെടുത്ത് തുടങ്ങിയെന്നും രജിഷ പറഞ്ഞു.

‘സ്വന്തം ഇഷ്ടപ്രകാരം ഒരു വസ്ത്രമിടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷെ പണ്ടുള്ളത്ര ഇപ്പോഴില്ല. കാരണം ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പലരും തിരിച്ച് ചോദിക്കാന്‍ തുടങ്ങി. എന്ത് ധരിക്കണം എന്നതിനേക്കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ സ്വയം തീരുമാനിച്ചു തുടങ്ങി,’ രജിഷ കൂട്ടിച്ചേര്‍ത്തു.

‘ഗീതു’ ഇറങ്ങിയതിന് ശേഷം സമൂഹത്തില്‍ ഒരു മാറ്റമുണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അഞ്ച് കഥകളാണ് സിനിമയില്‍. ഓരോരുത്തരും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം വേറെവേറെയായിരിക്കാം. മനുഷ്യന്‍ ആഗ്രഹിക്കുന്ന മിനിമം സ്വാതന്ത്ര്യം ഉണ്ടല്ലോ. അതിനേക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സിനിമക്ക് ഉണ്ടാക്കാന്‍ പറ്റും. സിനിമകള്‍ കാരണം ചര്‍ച്ചകള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണെന്നാണ് വിശ്വസിക്കുന്നത്,’ താരം പറഞ്ഞു.

ഫ്രീഡം ഫൈറ്റ്, രാഹുല്‍ ആര്‍. നായര്‍ സംവിധാനം ചെയ്യുന്ന കീടം, കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും, ഗൗതം മേനോന്‍, വെങ്കി തുടങ്ങിയവര്‍ അഭിനയിക്കുന്ന വേദ, കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍, രവി തേജയുടെ രാമറാവു ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളാണ് രജിഷയുടേയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.


Content Highlights: The girls began to decide for themselves what to wear: Rajisha Vijayan

We use cookies to give you the best possible experience. Learn more