പരാതിയില്‍ നിന്ന് പിന്‍മാറിയത് ഭയം കൊണ്ട്; യൂണിവേഴ്‌സിറ്റി കോളെജില് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളെജ് മാറ്റത്തിന് അപേക്ഷ നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളെജ് മാറ്റത്തിന് അപേക്ഷ നല്‍കി.ഭയം കൊണ്ടാണ് കോളേജ് മാറാനും പരാതിയില്‍ നിന്ന് പിന്‍വാങ്ങാനും തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു.
നേരത്തെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്ന് കുട്ടിയുടെ കുറിപ്പില്‍ പറഞ്ഞിരുന്നു.
ആറ്റിങ്ങല്‍ സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് കോളെജിലെ റസ്റ്റ് റൂമില്‍ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. നന്നായി പഠിക്കാമെന്ന് കരുതിയാണ് യൂണിവേഴ്സിറ്റി കോളെജിലെത്തിയത്. എന്നാല്‍ അത് സാധിക്കുന്നില്ലെന്നും കത്തിലുണ്ട്. രണ്ട് വനിതാ നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.
പക്ഷെ പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്.