| Monday, 3rd July 2023, 1:38 pm

കഴിഞ്ഞ ദിവസങ്ങളില്‍ മകള്‍ സന്തോഷത്തിലായിരുന്നു, ചില സംശയങ്ങളുണ്ട്; സോനയുടെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പന്നിയോട് നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. കഴിഞ്ഞ ദിവസങ്ങളില്‍ വരെ സന്തോഷത്തോടെയാണ് മകളെ കണ്ടതെന്നും പെട്ടെന്ന് എന്താണ് സംഭവിച്ചെതെന്ന് അറിയില്ലെന്നും സോനയുടെ പിതാവ് പറഞ്ഞു.

സോനയുടെ ഭര്‍ത്താവ് ഇന്നലെ ഒമ്പത് മണിക്ക് ഉറങ്ങിപ്പോയെന്നും എന്താണുണ്ടായതെന്ന് അറിയില്ലെന്നുമാണ് പറയുന്നത്. അതില്‍ തനിക്ക് സംശങ്ങളുണ്ടെന്നും സോനയുടെ പിതാവ് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ ദിവസങ്ങളിലൊക്കെ സന്തോഷത്തോടെയായിരുന്നു മകള്‍ പിരിഞ്ഞത്. എന്താണ് നടന്നതെന്ന് അറിയില്ല. ഇന്നലെ തലവേദനയുണ്ടെന്ന് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. സാധാരണ തലവേദന വരാറുണ്ട്. അതുകൊണ്ട് തന്നെ മരുന്ന് കഴിക്കാന്‍ പറഞ്ഞു. നമ്മള്‍ അതത്ര ഗൗരവത്തില്‍ എടുത്തില്ല.

രാത്രി ഒന്നരക്കാണ് ഞങ്ങളെ വിവരം അറിയിക്കുന്നത്. അവന്റെ(വിപിന്‍) വീടിന്റെ അടുത്തുള്ള ഒരാളാണ് ഞങ്ങളെ വിവരം അറിയിച്ചത്. ഒന്നും അറിഞ്ഞില്ലെന്നാണ് അവന്‍ പറയുന്നത്. അവന്റെ അമ്മയും എന്റെ മകളും സംസാരിക്കുന്നത് കണ്ടെന്നും തുടര്‍ന്ന് ഒമ്പത് മണിയായപ്പോഴേക്കും ഉറങ്ങിപ്പോയെന്നും പറയുന്നു. രാത്രി എന്തോ ശബ്ദം കേട്ട് നോക്കയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടെതെന്നും പറയുന്നുണ്ട്.

ഒമ്പത് മണിക്ക് ഉറങ്ങിപ്പോയി എന്ന് പറയുന്നതില്‍ സംശയങ്ങളുണ്ട്. സാധാരണ ആ സമയത്ത് ഉറങ്ങാറില്ലല്ലോ. അതുകൂടാതെ കല്യാണം കഴിഞ്ഞ ഇന്നലെ 14 ദിവസമല്ലേ ആയിട്ടുള്ളു. അതിനാല്‍ എന്തോ ദുരൂഹതയുണ്ട്. എനിക്ക് ചില സംശയങ്ങളുണ്ട്. അമ്മയില്‍ നിന്നോ അവനില്‍ നിന്നോ എന്തെങ്കിലും സംഭവിച്ചോ എന്ന് അറിയില്ല,’ സോനയുടെ പിതാവ് പറഞ്ഞു.

സോനയെ ഇന്നലെ അര്‍ധരാത്രിയാണ് ഭര്‍ത്താവ് തണ്ണിച്ചാന്‍കുഴി സ്വദേശി വിപിന്റെ
വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 15 ദിവസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് വിപിന്‍ ആണ് ഭാര്യയെ തൂങ്ങി കിടക്കുന്ന നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ വിപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

Content Highlight: The girl’s family is suspicious of the incident in which the newlywed was found hanging dead inside the house

Latest Stories

We use cookies to give you the best possible experience. Learn more