കുട്ടിയായിരുന്ന കാലത്ത് ബാഴ്‌സലോണയില്‍ പരിശീലനത്തിന് ചെന്നപ്പോള്‍ അവിടെ കളിക്കാനുപയോഗിക്കുന്ന ബോള് അഡീഡാസിന്റെയാണ്, എനിക്കാ കമ്പനിയുമായി ഐഡിയോളജിക്കല്‍ വിയോജിപ്പുണ്ട്, പ്യൂമയുടെ ബോളാണെങ്കിലേ ഞാന്‍ പ്രാക്റ്റീസ് ചെയ്യൂ എന്ന് മെസ്സി പറഞ്ഞിരുന്നെങ്കിലോ? അതിന്റെ പേരില്‍ പരിശീലനക്കളരി ഉപേക്ഷിച്ചിരുന്നെങ്കിലോ? അഡിഡാസ് ഫാന്‍സും പ്യൂമാ ഫാന്‍സും യുദ്ധം ചെയ്യുന്ന ഒരു യൂണിവേഴ്‌സുണ്ടെങ്കില്‍, മെസ്സിയെ പ്യൂമാ ആരാധകര്‍ ഹീറോ ആയി പ്രതിഷ്ഠിക്കും. പക്ഷെ കളിക്കാനുള്ള ശേഷി വികസിപ്പിക്കുന്നതില്‍ മെസ്സി പരാജയപ്പെട്ടേനെ. വെറും പ്യൂമാ ആരാധകനായി മെസ്സി വേറെ വല്ല പണിയും ചെയ്ത് ജീവിച്ചേനേ.
മെസ്സിയെ എനിക്കിഷ്ടമല്ല, ഞാന്‍ നെയ്മര്‍ ഫാനാണ്, അതുകൊണ്ട് മെസ്സിയുടെ ജീവചരിത്രക്കുറിപ്പെഴുതാന്‍ ഞാന്‍ തയ്യാറല്ല എന്ന് ഒരു എഴുത്തുകാരിക്ക് നിലപാടെടുക്കാം. യേശു ക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചെഴുതാന്‍ എനിക്ക് താല്‍പര്യമില്ല, ഞാന്‍ മുഹമ്മദ് നബിയുടെ ആദര്‍ശങ്ങളെ പിന്‍പറ്റുന്നയാളാണ് എന്ന് ആര്‍ക്കും നിലപാടെടുക്കാം. അത് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ലക്ഷണങ്ങളാണ്.
പക്ഷെ പരീക്ഷാ ചോദ്യ പേപ്പറില്‍ മെസ്സിയെ കുറിച്ചുള്ള ഡാറ്റ കൊടുത്ത്, അതിനെ ഉപജീവിച്ച് മെസ്സിയുടെ ജീവചരിത്രക്കുറിപ്പെഴുതുക എന്ന് ചോദ്യം കൊടുക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്?
ആ ചോദ്യത്തിന് ഉത്തരം എഴുതുന്നത് ഒരു പരിശീലനത്തിന്റെ ഭാഗമാണ്. നമുക്ക് മുന്നില്‍ വരുന്ന ഡാറ്റയെ അനലൈസ് ചെയ്ത് ഓര്‍ഗനൈസ്ഡായിട്ടുള്ള ഒരു പാറ്റേണ്‍ നിര്‍മ്മിക്കുക എന്നതാണ് ആ പരിശീലനത്തിന്റെ ലക്ഷ്യം. കുട്ടികളെല്ലാം എഴുത്തുകാരും ജീവചരിത്രകാരികളും ആകാന്‍ വേണ്ടിയല്ല ആ പ്രാക്റ്റീസ്. മുന്നില്‍ വരുന്ന ഏത് ഡാറ്റയേയും ഓര്‍ഗനൈസ് ചെയ്ത് പ്രത്യേക പാറ്റേണിലാക്കാനുള്ള പരിശീലനമാണ് ആ പണികൊണ്ട് വിദ്യാഭ്യാസ സംവിധാനം ഉദ്ദേശിക്കുന്നത്.
ഡാറ്റ ഏതുമാകാം. ഗണിതത്തെയോ രാഷ്ട്രീയത്തെയോ ലൈംഗികതയെയോ കൊടുങ്കാറ്റിനെയോ സംബന്ധിക്കുന്നതായാലും അതിനെ അടുക്കും ചിട്ടയായി ക്രമപ്പെടുത്തി ആ വിഷയത്തിന്റെ സാധ്യമാകുന്ന വിധത്തിള്ള ഒരു ചിത്രം നിര്‍മ്മിക്കുക എന്നതാണതിന്റെ ഉദ്ദേശ്യം. ഏത് കാര്യം കൈകാര്യം ചെയ്യുമ്പോഴും, നമുക്ക് അപരിചിതമായ മേഖലയിലാണെങ്കില്‍ പോലും അതിനെ സംബന്ധിക്കുന്ന അവൈലബിള്‍ ഡാറ്റയെ അടുക്കും ചിട്ടയായി ക്രമപ്പെടുത്തേണ്ടത് പ്രാഥമികമായ ആവശ്യമാണ്.
അങ്ങനെ ക്രമപ്പെടുത്തിയ ശേഷമാണ് നമ്മള്‍ കാര്യങ്ങളെ വിശകലനം ചെയ്യുന്നതും ആ വിഷയത്തെ സംബന്ധിക്കുന്ന അഭിപ്രായം രൂപീകരിക്കുന്നതും അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുന്നതും എല്ലാം. അതുകൊണ്ട് തന്നെ ഈ പറഞ്ഞ ക്രമപ്പെടുത്തലിനുള്ള കഴിവ് ഏറ്റവും പ്രാഥമികമായി പരിശീലിച്ച് നേടിയെടുക്കേണ്ട ഒന്നാണ്. വിവരങ്ങളെ ക്രമപ്പെടുത്തുന്നതിലെ എഫക്റ്റീവ്‌നസ് അതിനു ശേഷം നടക്കുന്ന വിശകലനത്തെയും അതിലൂടെ രൂപീകരിക്കപ്പെടുന്ന അഭിപ്രായത്തെയും അതിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെയും സാരമായി ബാധിക്കും.
നിലവാരമുള്ള വിദ്യാഭാസം കൊണ്ട് നിലവാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് മേഖലയിലും ചെയ്യാനാകുന്നത്, ഈ രീതിശാസ്ത്രത്തിലൂന്നി ആഗോളതലത്തില്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ രൂപപ്പെട്ടു വന്നത് കൊണ്ടാണ്.
വിദ്യാഭ്യാസക്കാലത്ത് സ്വയം അറിയാതെ ആര്‍ജ്ജിക്കുന്ന ഇത്തരം അനേക ശേഷികള്‍കൊണ്ടാണ് മനുഷ്യര്‍ ഇന്ന് കാണുന്ന തരത്തിലുള്ള പുരോഗതികള്‍ ഉണ്ടാക്കിയത്.
മെസ്സിയും നെയ്മറും ഫുട്‌ബോള്‍ ഡ്രിബിള്‍ ചെയ്യാന്‍ പ്രാക്റ്റീസ് ചെയ്തത് പോലെ തന്നെ. കുട്ടിക്കാലത്തെ പ്രാക്റ്റീസ് സെഷനുകളുടെ അച്ചടക്കവും അതിനോട് അവര്‍ കാണിച്ച ആവേശവും ആണ് ഇന്ന് നമ്മള്‍ കാണുന്ന മെസ്സിയേയും നെയ്മറേയും ഉണ്ടാക്കിയത്.
കുട്ടിയായിരുന്ന കാലത്ത് ബാഴ്‌സലോണയില്‍ പരിശീലനത്തിന് ചെന്നപ്പോള്‍ അവിടെ കളിക്കാനുപയോഗിക്കുന്ന ബോള് അഡീഡാസിന്റെയാണ്, എനിക്കാ കമ്പനിയുമായി ഐഡിയോളജിക്കല്‍ വിയോജിപ്പുണ്ട്, പ്യൂമയുടെ ബോളാണെങ്കിലേ ഞാന്‍ പ്രാക്റ്റീസ് ചെയ്യൂ എന്ന് മെസ്സി പറഞ്ഞിരുന്നെങ്കിലോ? അതിന്റെ പേരില്‍ പരിശീലനക്കളരി ഉപേക്ഷിച്ചിരുന്നെങ്കിലോ? അഡിഡാസ് ഫാന്‍സും പ്യൂമാ ഫാന്‍സും യുദ്ധം ചെയ്യുന്ന ഒരു യൂണിവേഴ്‌സുണ്ടെങ്കില്‍, മെസ്സിയെ പ്യൂമാ ആരാധകര്‍ ഹീറോ ആയി പ്രതിഷ്ഠിക്കും. പക്ഷെ കളിക്കാനുള്ള ശേഷി വികസിപ്പിക്കുന്നതില്‍ മെസ്സി പരാജയപ്പെട്ടേനെ. വെറും പ്യൂമാ ആരാധകനായി മെസ്സി വേറെ വല്ല പണിയും ചെയ്ത് ജീവിച്ചേനേ.
പലതരം ഫാന്‍ ഫൈറ്റുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളിലാണ് കുട്ടികള്‍ വളരുന്നത്. മെസ്സിയെ കുറിച്ച് കേള്‍ക്കുന്ന എന്ത് നല്ലതിനെയും അപ്പോഴപ്പോള്‍ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് തന്റെ കടമയാണെന്ന ബോധത്തില്‍ വളര്‍ന്നുവന്ന ഒരു നെയ്മര്‍ ആരാധികയ്ക്ക്, മെസ്സിയെ കുറിച്ച് കേള്‍ക്കുമ്പോള്‍ പരീക്ഷാപേപ്പറിലാണെങ്കിലും ബഹളമുണ്ടാക്കാന്‍ തോന്നുന്നത് സ്വാഭാവികം.
അത് കാണുമ്പോള്‍ പക്ഷെ പെട്ടെന്ന് ഓര്‍മ്മ വന്നത് ”വൈറ്റ് ഡോഗ്” എന്ന വിഖ്യാത അമേരിക്കന്‍ സിനിമയാണ്. മുന്‍പ് കാലത്ത് അമേരിക്കയിലെ ചില ഭാഗങ്ങളില്‍ കറുത്ത വര്‍ഗക്കാരെ എവിടെ വച്ച് കണ്ടാലും കടിച്ചു കീറാന്‍ പരിശീലിപ്പിക്കപ്പെട്ട വേട്ടപ്പട്ടികളെ വെളുത്ത വര്‍ഗക്കാര്‍ ഉപയോഗിച്ചിരുന്നു. അവയെ വൈറ്റ് ഡോഗ്ഗ്‌സ് എന്നാണ് വിളിച്ചിരുന്നത്.
കാലം മാറി അടിമത്വ വ്യവസ്ഥയില്ലാതായ ശേഷവും പലഭാഗങ്ങളിലും അത്തരം നായകളെ കുട്ടിക്കാലം മുതലേ പരിശീലിപ്പിച്ചുണ്ടാക്കിയിരുന്നു. 1960 കളില്‍ അലബാമ പോലീസ് ഡോഗ് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന കറുത്ത വര്‍ഗക്കാരെ ആക്രമിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു വൈറ്റ് ഡോഗിനെ റീപ്രോഗ്രാം ചെയ്ത് കറുത്തവരോടുള്ള ആക്രമണ സ്വഭാവത്തെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമത്തെ മുന്‍നിര്‍ത്തി ഫ്രഞ്ച് നോവലിസ്റ്റായ റൊമെയ്ന്‍ ഗാരി എഴുതിയ നോവലിനെ സാമുവല്‍ ഫുള്ളറാണ് 1982 ല്‍ സിനിമയാക്കിയത്.
ഒരു നായയുടെ ഉള്ളില്‍ വെളുത്ത വര്‍ഗക്കാരായ മനുഷ്യര്‍ നിരന്തര പരിശീലനത്തിലൂടെ രൂപപ്പെടുത്തിയ കറുത്ത മനുഷ്യരോടുള്ള ആക്രമാത്മകമായ വിരോധത്തെ പരിശീലനത്തിലൂടെ തന്നെ ഇല്ലാതാക്കാനുള്ള കറുത്ത വര്‍ഗക്കാരനായ ഒരു പരിശീലകന്റെ ദീര്‍ഘ നാളത്തെ കഠിന പരിശ്രമം ദാരുണമായി പരാജയപ്പെടുന്നതിന്റെ ഭീതി തീവ്രമായി അനുഭവിപ്പിക്കുന്ന ഒരു സിനിമയാണ് വൈറ്റ് ഡോഗ്.
കുട്ടിക്കാലം മുതലേ തന്നെ നാമെല്ലാം ചുറ്റും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പലവിധ വിദ്വേഷങ്ങളിലൂടെയും പക്ഷപാതങ്ങളിലൂടെയും അക്രമകാരികളാകാന്‍ പരീശീലിപ്പിക്കപ്പെടുന്നുണ്ട്. അക്രമം എന്നത് ശാരീരികമായി മാത്രം ഉണ്ടാകുന്നതല്ല. വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും നോട്ടങ്ങളിലൂടെ പോലും അത് വ്യക്തികളുടെ സ്വഭാവങ്ങളില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നുണ്ട്. മുതിര്‍ന്ന മനുഷ്യരായി കഴിയുമ്പോള്‍ എത്ര കഠിനമായി ശ്രമിച്ചാലും അത്തരം കണ്ടീഷനിങ്ങില്‍ നിന്നും മുക്തമാകാന്‍ കഴിയാത്തവരാക്കി നാം മാറിപ്പോകും.
ചെറുപ്പത്തിലെ കണ്ടീഷനിങ്ങ് എത്രമാത്രം കരുത്തുള്ള അക്രമകാരികളെയാണ് ഉണ്ടാക്കുന്നത് എന്ന് വൈറ്റ് ഡോഗ് പറഞ്ഞു തരുന്നുണ്ട്. മനുഷ്യ മസ്തിഷ്‌കത്തെ കുറിച്ചുള്ള ഒരു വിശകലനമാണ് ആ കഥ.
മെസ്സി – നെയ്മര്‍ ഫാന്‍ ഫൈറ്റിലൂടെ രൂപപ്പെട്ട ആരാധികയെയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടത്. ലോകം അത്തരം ആരാധകരാല്‍ നിറഞ്ഞിരിക്കുന്നു. ബ്രസീല്‍ അര്‍ജന്റീനാ ഫാന്‍ ഫൈറ്റും മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റും രസമുള്ളതായിരിക്കാം. അതേ വ്യവഹാരത്തിലൂന്നി തന്നെയാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരും വ്യത്യസ്ത മത രാഷ്ട്രീയ ജാതി സംവിധാനങ്ങളുടെ ഭാഗമായി മാറി നിന്ന് കലഹിക്കുന്നത്.
ബ്രസീലും അര്‍ജന്റീനയും രണ്ട് രാജ്യങ്ങള്‍ മാത്രമല്ല, രണ്ട് മതങ്ങള്‍ കൂടിയായി രൂപപ്പെട്ടു കഴിഞ്ഞു എന്ന് തിരിച്ചറിയേണ്ടതുണ്ട്. സിപിഎം കോണ്‍ഗ്രസ് ഫാന്‍ ഫൈറ്റും സിപിഎം ബിജെപി ഫാന്‍ ഫൈറ്റും ഹിന്ദു മുസ്ലീം ഫാന്‍ ഫൈറ്റും കൃസ്ത്യന്‍ മുസ്ലീം ഫാന്‍ ഫൈറ്റും യുക്തിവാദി ഈശ്വരവാദി ഫാന്‍ ഫൈറ്റും എല്ലാം ആദര്‍ശാത്മകമാണ് എന്നും നെയ്മര്‍ മെസ്സി ഫാന്‍ ഫൈറ്റിനേക്കാള്‍ മഹത്തരമാണ് എന്നും വിശ്വസിക്കുന്ന അനേകരുണ്ടാവും. പക്ഷെ ആത്യന്തികമായി ഇവയെല്ലാം ഒരേ മസ്തിഷ്‌ക വ്യവഹാരങ്ങളിലൂടെ തന്നെയാണ് രൂപപ്പെടുന്നത്.
താന്‍ പ്രതിനിധാനം ചെയ്യുന്ന ഫാന്‍ ഗ്രൂപ്പിന്റെ എതിര്‍ഗ്രൂപ്പിനെ കേള്‍ക്കാനും അവരുന്നയിക്കുന്ന ആശയത്തിന്റെ അടിസ്ഥാന വിവരങ്ങളെ മുന്നിലേയ്‌ക്കെടുത്ത് വച്ച് ഓര്‍ഗനൈസ് ചെയ്യാനും ഉള്ള ശേഷിയില്ലാത്ത മുതിര്‍ന്ന മനുഷ്യര്‍ എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് തിരിച്ചറിയണമെങ്കില്‍ ഇപ്പോള്‍ പരീക്ഷാ പേപ്പറില്‍ മെസ്സിയെ കുറിച്ച് ഞാനെഴുതില്ല എന്ന് വാശിപിടിച്ച കുട്ടിയുടെ വഴി തിരഞ്ഞാല്‍ മതി.
അയാളൊരു കോണ്‍ഗ്രസുകാരനാണ്, അതുകൊണ്ട് അയാള്‍ പറയുന്നത് ഞാന്‍ ശ്രദ്ധിക്കാറു പോലുമില്ല എന്ന് സ്വകാര്യ സംഭാഷണങ്ങളില്‍ ഇടയ്ക്കിടെ പറയുന്ന ഇടത് ബുദ്ധിജീവി ധാരയിലുള്ള സുഹൃത്തുണ്ട്. സിപിഎം കാരനല്ലേ, അവനോട് സംസാരിക്കാനില്ല എന്ന് പറയുന്ന കോണ്‍ഗ്രസ്സുകാരനും സുഹൃത്തായുണ്ട്. ഈ രണ്ട് സുഹൃത്തുക്കളുടെയും രൂപപ്പെടല്‍ ആരംഭിക്കുന്നത് മെസ്സിയെ കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ത്ത് വച്ച് ഒരു ജീവചരിത്രക്കുറിപ്പെഴുതില്ല എന്ന് പറയുന്ന കുട്ടിയുടെ അതേ പരിശീലനക്കളരിയില്‍ നിന്നാണ് എന്ന് എനിക്ക് സംശയമില്ല.
പക്ഷപാതരഹിതമായ വിവരശേഖരണവും പക്ഷപാതരഹിതമായ വിശകലനരീതിയും പരിശീലിപ്പിക്കുന്നതിന്റെ രീതിശാസ്ത്രമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മൂലക്കല്ല്. അതിന് ഒരുപാട് കുറവുകളുണ്ടാകാം. മനുഷ്യര്‍ ഇന്ന് കാണുന്ന മട്ടില്‍ ജനാധിപത്യ ബോധം ആര്‍ജിച്ച് അതിന്റെ ഏറ്റവും വികസിതമായ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഇത്തരം പരിശീലന പദ്ധതികളില്‍ കൂടിയാണ്.
നെയ്മര്‍ ആരാധികയാണെങ്കിലും മെസ്സിയുടെ ജീവിത വിവരങ്ങളെ വച്ച് അയാളുടെ ജീവചരിത്രം തയ്യാറാക്കണം എന്ന് ആ പെണ്‍കുട്ടിയെ തിരുത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ നല്ല ഫലങ്ങളനുഭവിച്ച് വളര്‍ന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ചുറ്റും പുറവും ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ആ കുട്ടിയെ ഹീറോ ആക്കുന്ന പരിപാടിയാണ്.
അപക്വമായി ഒരു കുട്ടി ചെയ്ത പ്രവര്‍ത്തി ഹീറോയിസമാക്കുന്നതിലൂടെ ഇത്തരം ഹീറോകളാണ് നമ്മുടെ സമൂഹത്തിന് ആവശ്യമെന്ന് പലരും പ്രഖ്യാപിക്കുകയാണ്. കുട്ടി നടത്തിയത് സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും അത് ആഘോഷിക്കപ്പെടേണ്ടതാണെന്നും പറയുന്ന മുതിര്‍ന്നവര്‍ സ്വയം അറിയാതെ ചെയ്യുന്നത് തങ്ങളുടെ ഉള്ളില്‍ ഇപ്പോഴും ഉറങ്ങിക്കിടക്കുന്ന വൈറ്റ് ഡോഗുകളെ തുറന്ന് വിട്ട് പുതിയ തലമുറയെ കൂടുതല്‍ കരുത്തുറ്റ വൈറ്റ് ഡോഗുകളാക്കാനുള്ള പരിശീലനക്കളരികള്‍ നിര്‍മ്മിക്കുകയാണ്.
content highlights ; The girl needs to be correctedTo write Messi’s biography