ബെര്‍ലിന്‍: ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ജര്‍മന്‍ പട്ടണമായ ബാഡ് ഗ്രീസ്ബാച്ച്. അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ മറ്റു പട്ടണങ്ങളും തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
ബവേറിയന്‍ പട്ടണമായ ബാഡ് ഗ്രീസ്ബാച്ചിന്റെ മേയര്‍ ജുര്‍ഗന്‍ ഫണ്ട്‌കെയാണ് വിസമ്മതം അറിയിച്ചത്. റഷ്യ-ഉക്രൈന്‍ യുദ്ധം 960 ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഉക്രൈയിനികള്‍ക്ക് അഭയം നല്‍കിയതിലൂടെ പട്ടണത്തിലെ എല്ലാ സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും നിറഞ്ഞുകവിഞ്ഞുവെന്ന് മേയര്‍ പറഞ്ഞു. ബാഡ് ഗ്രീസ്ബാച്ചിലെ ഒരു ഹോട്ടലില്‍ 40ഓളം അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ടിപ്പിങ് പോയിന്റ് ഉണ്ടായെന്നും മേയര്‍ പറയുകയുണ്ടായി.
എന്നാല്‍ ‘ഞങ്ങളുടെ പട്ടണത്തിലെ മനുഷ്യര്‍ അന്യമത വിദ്വേഷമുള്ളവരാണെന്ന ധാരണ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. തങ്ങളുടെ രാജ്യത്ത് നിന്ന് കുടിയിറിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്നതില്‍ സന്തോഷം മാത്രമുള്ള മനുഷ്യരാണ് എന്റെ പട്ടണത്തിലുള്ളത്. എന്നാല്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാവണം,’ എന്നും മേയര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഉക്രൈന്‍ അഭയാര്‍ത്ഥികളെ കൊണ്ട് പട്ടണത്തില്‍ യാതൊരു വിധത്തിലുമുള്ള ശ്വാസംമുട്ടല്‍ ഇല്ലെന്ന് ജര്‍മനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.
കൂടാതെ പ്രാദേശിക ഭരണകൂടത്തിലെ വക്താവ് അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള മേയറുടെ നീക്കത്തില്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധ-കലാപങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവര്‍ക്ക് അഭയം നല്‍കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്. വിലക്ക് മുന്നോട്ടുകൊണ്ടുപോയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്.
നിലവിലെ കണക്കുകള്‍ പ്രകാരം 2024 ജൂണ്‍ വരെ ഏകദേശം 1.2 ദശലക്ഷം ഉക്രൈയിന്‍ അഭയാര്‍ത്ഥികള്‍ ജര്‍മനിയില്‍ അഭയം തേടിയിട്ടുണ്ട്.
ബെര്‍ലിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ റഷ്യയുമായുള്ള യുദ്ധം 2025ല്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു.
വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച സെലന്‍സ്‌കി, റഷ്യ തടവിലാക്കിയ ഉക്രൈന്‍ പൗരന്മാരെ മോചിപ്പിക്കാന്‍ സഹായം തേടുകയും ചെയ്തിരുന്നു.
Content Highlight: The German town of Bad Griesbach says it is not ready to accept refugees from Ukraine