| Thursday, 24th November 2022, 9:02 am

ഈ വിലക്ക് ഞങ്ങളുടെ വായ മൂടിക്കെട്ടിയതിന് സമം; മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ സമ്മതിക്കില്ല; ഫിഫക്കെതിരെ ടീം ജര്‍മനി

സ്പോര്‍ട്സ് ഡെസ്‌ക്

വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരെ ജര്‍മന്‍ കളിക്കാരുടെ പ്രതിഷേധം. ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് ജര്‍മന്‍ കളിക്കാര്‍ വായ പൊത്തി പ്രതിഷേധിച്ചത്.

ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍ പ്രതിഷേധിച്ചതിന് പിന്നാലെ മറ്റൊരു പ്രതിഷേധത്തിന് കൂടി വേദിയായിയിരിക്കുകയാണ് ഖത്തര്‍ ലോകകപ്പ്.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും, അതെല്ലാവര്‍ക്കും ഒരുപോലെ കിട്ടേണ്ടതാണെന്നും മത്സരത്തിന് തൊട്ട് മുമ്പ് ജര്‍മനി ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഈ സന്ദേശവും പ്രതിഷേധവും തങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണെന്നും ആം ബാന്‍ഡ് ധരിക്കുന്നതില്‍ ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് തങ്ങളുടെ വായ മൂടിക്കെട്ടിയതിന് തുല്യമാണെന്നും ട്വീറ്റില്‍ പറയുന്നു. അതിനാല്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും ടീം ജര്‍മനി കൂട്ടിച്ചേര്‍ത്തു.

മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ ജര്‍മന്‍ മന്ത്രി നാന്‍സി ഫേയ്‌സര്‍ മഴവില്‍ ആം ബാന്‍ഡ് ധരിച്ചാണ് സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിനിടെ ജര്‍മന്‍ നായകനും ഗോള്‍ കീപ്പറുമായ മാന്യൂവല്‍ ന്യൂയര്‍ ധരിച്ച ആംബാന്‍ഡ് റഫറി പരിശോധിച്ചിരുന്നു.

ജര്‍മന്‍ കളിക്കാരുടെ നടപടിയില്‍ ഫിഫ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. ടീമിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന്  സൂചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇംഗ്ലണ്ട്, ജര്‍മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്‌ബോള്‍ ഫെഡറേഷനുകളാണ് ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ ‘വണ്‍ ലവ്’ ആം ബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുത്.

എന്നാല്‍ ഇത്തരത്തില്‍ കളത്തിലിറങ്ങുന്നവര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തുകയും യെല്ലോ കാര്‍ഡ് കാണിക്കുകയും ചെയ്യുമെന്ന് ഫിഫ അറിയിച്ചതോടെ
തീരുമാനത്തില്‍ നിന്ന് തത്കാലം പിന്മാറാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിക്കുകയായിരുന്നു.

എല്‍.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു മഴവില്‍ നിറത്തിലുള്ള വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്.

അതേസമയം ഖലീഫ സ്റ്റേഡിയത്തില്‍ ജപ്പാനുമായി നടന്ന മത്സരത്തില്‍ ജര്‍മനി തോല്‍വി വഴങ്ങുകയായിരുന്നു. 2-1നാണ് കുഞ്ഞന്‍ ടീമായ ജപ്പാന്‍ ജര്‍മനിയെ കീഴടക്കിയത്.

മത്സരത്തിന്റെ 33ാം മിനിട്ടില്‍ ഗുണ്ടോഗാനിലൂടെ മുന്നിലെത്തിയ ജര്‍മനി ഫസ്റ്റ് ഹാഫിലും സെക്കന്‍ഡ് ഹാഫിലും മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ ജര്‍മനിയുടെ കോട്ടമതില്‍ പൊളിച്ച് 75ാം മിനിട്ടില്‍ ജപ്പാന്‍ ഗോള്‍ നേടുകയായിരുന്നു.

റിറ്റ്സു ഡോവാനിലൂടെയായിരുന്നു ജപ്പാന്‍ തങ്ങളുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ആദ്യ ഗോള്‍ പിറന്ന് കൃത്യം എട്ട് മിനിട്ടിന് ശേഷം താകുമാ അസാനോയിലൂടെ ജപ്പാന്‍ വീണ്ടും ഗോള്‍നേട്ടം ആവര്‍ത്തിച്ചതോടെ ജര്‍മനി നിലതെറ്റി വീണു.

ജപ്പാന്‍ കീപ്പറെ അനായാസം തോല്‍പ്പിച്ച് ഇല്‍കേ ഗുണ്ടോഗന്‍ ജര്‍മനിയുടെ ലോകകപ്പിലെ ആദ്യ ഗോള്‍ നേടി.75-ാം മിനിറ്റില്‍ ജപ്പാന്‍ സമനില ഗോള്‍ കണ്ടെത്തി. റിത്സു ഡോനാണ് ജപ്പാന്റെ സമനില ഗോള്‍ നേടിയത്.

84-ാം മിനിറ്റില്‍ ജര്‍മനിയെ ഞെട്ടിച്ച് ജപ്പാന്‍ മുന്നിലെത്തി. തകുമ അസാനോ മികച്ചൊരു ഗോളില്‍ ജപ്പാന് ലീഡ് നല്‍കി. സമനില പിടിക്കാന്‍ ജര്‍മനി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധം ഭേദിക്കാനായില്ല.

ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കക്കെതിരെയാണ് ജപ്പാന്റെ അടുത്ത മത്സരം. നവംബര്‍ 27ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ വെച്ച് നടുന്ന മത്സരത്തില്‍ ടിക്കോസിനെയും പരാജയപ്പെടുത്തി നോക്ക് ഔട്ട് ഉറപ്പിക്കാന്‍ തന്നെയാകും ജപ്പാന്‍ ഇറങ്ങുന്നത്.

Content Highlights: The German team protesting before kick-off against FIFA’s decision not to allow them to play with LGBTQ armbands

We use cookies to give you the best possible experience. Learn more