എണ്‍പതുകളിലും തൊണ്ണൂറുകളിലും ഫ്രഞ്ച് ഫുട്‌ബോളിന്റെ പ്രതിരോധനിരയില്‍ ഉണ്ടായിരുന്ന, തൊണ്ണൂറുകളുടെ അവസാനത്തില്‍ കാല്‍മുട്ടിനു പരിക്കുപറ്റി കളിക്കാരന്റെ കരിയര്‍ അവസാനിച്ചുപോയ, ഹെര്‍വ് റെണാര്‍ഡ്.
തെക്കന്‍ ഫ്രാന്‍സിലെ ഒരു കൊച്ചുടീമിന്റെ പരിശീലകനായി മുപ്പതാമത്തെ വയസ്സില്‍ അരങ്ങേറ്റം. മൈതാനത്തിന്റെ കരയില്‍ കയറിനിന്നുകൊണ്ടുള്ള കളികളുടെ ആരംഭം. കൂടെ പരിശീലനത്തിനിടയിലുള്ള ഫീല്‍ഡ് വൃത്തിയാക്കല്‍ പണിയും. 22 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കോച്ച് കം ക്ലീനര്‍ കാലത്തു നിന്നു നോക്കുമ്പോള്‍ ലോകകപ്പിന്റെ കര കണ്ണെത്താദൂരത്തോളം അകലെയായിരുന്നു.
2004ല്‍ കേംബ്രിഡ്ജ് യുണൈറ്റഡ് മോശം പ്രകടനത്തിന്റെ പേരില്‍ ക്ലബിന്റെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി. പിന്നീട് വര്‍ഷങ്ങളോളം ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ക്ലബുകളുടെയും കോച്ചും അസിസ്റ്റന്റ് കോച്ചും, 2012ല്‍ സാംബിയയെയും 2015ല്‍ ഐവറി കോസ്റ്റിനെയും ആഫ്രിക്കന്‍ കപ്പിന്റെ അവകാശികളാക്കി.
രണ്ടുരാജ്യങ്ങളെ കിരീടമണിയിക്കുന്ന ആദ്യത്തെ കോച്ച്. 2018ല്‍ മൊറോക്കോയെ ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പ് കളിപ്പിച്ചു, അവിടെനിന്നു സൗദിയില്‍ എത്തി അവരുടെ ദേശീയ ടീമിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തു.
മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നലെ ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ വച്ചു അര്‍ജന്റീനയെ അടിയറവു പറയിപ്പിച്ചു ലോകത്തെ ഞെട്ടിച്ചു. മിശിഹായുടെയും കൂട്ടരുടെയും ഗോളുകളെല്ലാം റെണാര്‍ഡ് ഒരുക്കിയ ഓഫ്സൈഡ് വാരിക്കുഴിയില്‍ വീണു പൊലിഞ്ഞു.
ലോകത്തെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ കണ്ണീര്‍ക്കവിതയില്‍ കാലം വിങ്ങുകയും വിതുമ്പുകയും നിലയ്ക്കാതെ നിലവിളിക്കുകയും ചെയ്തു. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് മോസ്‌കോയിലെ ഉദ്ഘാടനവേദിയില്‍ റഷ്യയോടു മറുപടിയില്ലാത്ത അഞ്ചു ഗോളിനു നശിച്ചു നാണംകെട്ടുപോയ സൗദിയുടെ മൈലാഞ്ചി മൊഞ്ചുള്ള തിരിച്ചുവരവ്.
മത്സരശേഷം റെണാര്‍ഡ് പറഞ്ഞതുപോലെ, ആകാശത്തെ നക്ഷത്രങ്ങള്‍ മുഴുവനും ഞങ്ങള്‍ക്കു കാവല്‍നിന്ന കളി, അതിനുചൂട്ടു പിടിച്ചുകൊടുത്തതാവട്ടെ കളിയുടെ കരയില്‍ നിന്നു കലങ്ങിമറിഞ്ഞ വെളുത്ത ഷര്‍ട്ടിട്ട ഹെര്‍വ് റെണാര്‍ഡും.
Content Highlight: The genius behind Saudi Arabia’s historic FIFA World Cup match win over Argentina