കോഴിക്കോട്: യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതാവ് യു. കലാനാഥന്‍ (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടന്നാണ് മരണം. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കല്‍ കോളേജിന് ദാനം ചെയ്യുമെന്ന് എഴുതിവെച്ചതിനാല്‍, മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിന് ദാനം ചെയ്യും. യു. കലാനാഥന്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രാസംഗികനുമായിരുന്നു.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജില്‍ ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യരുടെയും യു. കോച്ചിഅമ്മയുടെയും മകനായാണ് ജനനം.കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു. 1960 മുതല്‍ സി.പി.ഐ, സി.പി.ഐ.എം പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1968ല്‍ സി.പി.ഐ.എമ്മില്‍ അംഗത്വമെടുത്ത അദ്ദേഹം 1970 മുതല്‍ 1984 വരെ സി.പി.ഐ.എം വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഇതിനുപുറമെ കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു
1977ല്‍ ഗുരുവായൂരില്‍ കൊടിമരം സ്വര്‍ണ്ണം പൂശുന്നതിനെതിരെ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത് കലാനാഥനാണ്. സമരത്തെ തുടര്‍ന്ന് ആര്‍.എസ്.എസുകാരില്‍ നിന്ന് അദ്ദേഹത്തിന് മര്‍ദനമേറ്റിട്ടുണ്ട്.
ശബരിമലയില്‍ മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989ല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്ന കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടി നിയമനടപടികള്‍ സ്വീകരിക്കുകയും അതില്‍ കലാനാഥന്‍ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
മതനിരപേക്ഷതയും ഏക സിവില്‍കോഡും, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ആത്മാവ് സങ്കല്‍പമോ യാഥാര്‍ത്ഥ്യമോ? ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ? ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്.
നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാര്‍ഡ്, ഏറ്റവും നല്ല ഊര്‍ജ്ജ സംരക്ഷണ പൊജക്ടിനുള്ള അവാര്‍ഡ്, ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, യുക്തിവിചാരം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Content Highlight: The General Secretary of Rationalist Movement, U. Kalanathan passed away