| Saturday, 13th May 2017, 2:39 pm

ചരിത്രം സൃഷ്ടിച്ച് കൊച്ചി മെട്രോയും കേരളവും; പ്രശംസ കടലിന് അക്കരെ നിന്നും; ട്രാന്‍സ്‌ജെന്‍ഡര്‍ നിയമനത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിപ്പെട്ടവരെ നിയമിക്കാനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 23 പേരെ നിയമിച്ചു കൊണ്ട് കൊച്ചി മെട്രോ കഴിഞ്ഞ ദിവസം ചരിത്രം കുറിച്ചിരുന്നു. ഗാര്‍ഡിയനു പുറമെ ഹഫിംഗ്ടണ്‍ പോസ്റ്റടക്കമുള്ള മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


Also Read: ഇങ്ങനെയാണ് കേരളത്തില്‍ ആര്‍.എസ്.എസ് തീവ്രവാദികളെ രൂപപ്പെടുത്തിയെടുക്കുന്നത്: തീവ്രകായിക പരിശീലനത്തിന്റെ വീഡിയോ പുറത്ത്


ടിക്കറ്റ് കൗണ്ടര്‍,ഹൗസ് കീപ്പിംഗ്, മേഖലകളിലായിരിക്കും തുടക്കത്തില്‍ ഇവര്‍ ജോലി ചെയ്യുക. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരെ പരിഹസിച്ചും ഒറ്റപ്പെടുത്തിയുമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ നടപടി അസാധാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവിക്കാനായി യാചനയും മറ്റും തൊഴിലാക്കിയവരാണ് ഈ വിധത്തില്‍ മാറുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്ലാ വിഭാഗത്തില്‍ നിന്നുമുള്ളവരെ ഉള്‍ക്കൊള്ളിക്കാനുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് കൊച്ചി മെട്രോ കമ്യൂണിക്കേഷന്‍ മാനേജര്‍ രശ്മി സി.ആര്‍ പറഞ്ഞതായി ഗര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. മെട്രോ ഗതാഗതത്തിനു മാത്രമുള്ളതല്ല, അതിനെ മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കൂടിയുള്ളതാക്കി മാറ്റുകയാണ് തങ്ങളുടെ പരിഗണനയെന്ന് രശ്മി പറയുന്നു.

“ട്രാന്‍സ്‌ജെന്‍ഡറുകളുമായി ഇടപെടാന്‍ ജനങ്ങള്‍ മടി കാണിക്കാറുണ്ട്. അവര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. അവര്‍ക്ക് ജോലി കൊടുക്കില്ല. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും മറ്റുള്ളവരുമായി ദൈനംദിനം ഇടപെടാന്‍ സാഹചര്യമൊരുക്കുകയുമാണ്” തങ്ങള്‍ ചെയ്യുന്നതെന്നും രശ്മി പറയുന്നു.

കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ക്ലാസുകളും മറ്റും നടക്കുകയാണെന്നും അവര്‍ അറിയിച്ചു.


Don”t Miss: ഇനി എല്ലാം മകളാണ്; മകളുണ്ടായതോടെ സ്വഭാവവും ചിന്തയും മാറി: ദുല്‍ഖര്‍ സല്‍മാന്‍


മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ലിബറലും വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതുമായ സംസ്ഥാനമാണ് കേരളമെന്ന് രശ്മിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ വരുംനാളുകളില്‍ നിയമിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രശ്മി പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more