ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
മകന്‍, ദുര്യോധനന്‍, ഇന്നും തന്റെ അടുത്തെത്തിയിരുന്നു. യുദ്ധത്തില്‍ അനുഗ്രഹം വാങ്ങാന്‍. തോന്നിയില്ലാ അവനെ അനുഗ്രഹിക്കാന്‍. ഗാന്ധാരിയും ഒരു സ്ത്രീയല്ലേ…?[]
ഗാന്ധാര ദേശം, മാതളനാരകം പുത്ത് നില്‍ക്കുന്ന ഉദ്യാനം. ഒളിച്ചും പാത്തുമായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്. വാക്കുകളുടെ ആര്‍ദ്രത, “ഗാന്ധാരീ”എന്ന വിളിയില്‍ തന്നെ തന്റെ മനസ്സ് തളിരുപോലെ മൃദുവായിത്തീരുന്നു. ആ വിരല്‍ സ്പര്ശം തന്നെ ഉന്മാദിനിയും ഉല്ലാസവതിയും ആക്കി. രാജകുമാരിയായതിനെ ശപിച്ചു പോയ നിമിഷങ്ങള്‍. പ്രണയവാനായൊരാളോടൊപ്പം ആരെയും ഭയക്കാതെ ചന്ദ്രികാ ചര്‍ച്ചിതമായ രാത്രികളില്‍, അവന്റെ മടിയില്‍ തലവെച്ച്… നിലാവേറ്റ്, മയങ്ങാന്‍…
ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും തന്റെ മനസ്സ് അദ്ദേഹത്തില്‍ നിന്നും അകന്നില്ലാ. ഒരുമിച്ച് മരിക്കാന്‍ പോലും തയ്യാറായിരുന്നു. അപ്പോഴാണ് ജീവിതത്തിലേക്ക് പുതിയൊരു തുടിപ്പ് ഉണര്‍ന്നത്.. ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ തെല്ലും ഭയന്നില്ലാ. ഏറ്റവും സ്‌നേഹിച്ചൊരാളിന്റെ ബീജം സ്വീകരിക്കുക, അതൊരു ജീവനായ് ഗര്‍ഭപാത്രത്തില്‍ വളരുക.. അദ്ദേഹത്തെ ഒരു ശിശുവായ് എപ്പോഴും ചുമന്നു നടക്കാന്‍ സാധിക്കുക.. താന്‍ എല്ലാം വിസ്മരിക്കുകയായിരുന്നു….
കൊട്ടാരത്തില്‍ താന്‍ ഒറ്റപ്പെടുകയായിരുന്നു. ആരും തന്നെ വേദനിപ്പിച്ചില്ല. പൊന്നാങ്ങള ശകുനി വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചുപോയ്…
ആരും ഒന്നും പറഞ്ഞില്ല. ആരും വേദനിപ്പിച്ചില്ല, ആശ്വസിപ്പിച്ചതുമില്ല.. എവിടെയാണദ്ദേഹം എന്നത് പറഞ്ഞ് തരാന്‍ ഒരു തോഴിക്കും ആയില്ല.. അവര്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു..
ശകുനിയാങ്ങള മാത്രം കണ്ണുകളില്‍ അപാരമായൊരു അന്ധാളിപ്പോടെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
പ്രസവവേദനയുടെ അതി തീവ്രതയില്‍ നിന്നുണര്‍ന്ന താന്‍ ആദ്യം അന്വേഷിച്ചത്, കുഞ്ഞിനെയാണ്. അവനെ നെഞ്ചോടു ചേര്‍ത്തമര്‍ത്താന്‍, തന്നില്‍ നിറഞ്ഞ് നില്‍ക്കുന്ന ദുഃഖത്തെ അവന്റെ ചെവിയില്‍ മന്ത്രിക്കാന്‍, തുടിച്ച് കുതിച്ച് പുറത്തുചാടാന്‍ വെമ്പുന്ന തന്റെ ഹൃദയത്തെ ശാന്തമാക്കാന്‍… ” എന്റെ കുഞ്ഞെവിടെ”?വാക്കുകള്‍ പുറത്തേക്ക് പ്രസവിച്ചിടാന്‍ ഒരുപാടു വേദനിച്ചു.. എന്നിട്ടും അവ്യക്തമായ് അന്വേഷിച്ചു.. ആരും ശബ്ദിച്ചില്ല. ശകുനി കുനിഞ്ഞ മുഖത്തോടെ മുന്നില്‍ നിന്നു…!
അന്ന് താനീ ലോകത്തെ വെറുത്തതാണ്. എല്ലാവരില്‍ നിന്നും അകന്നുമാറി. തന്റെ മകനില്ലാത്ത, തന്റെ പ്രണയം ചീന്തിയെടുത്ത ഈ ലോകത്തെ എനിക്കു കാണേണ്ട… അന്നേ മിഴികള്‍ പൂട്ടിയില്ലേ ഞാന്‍..!
ഒരു ദിവസം , ശകുനിയാങ്ങള വന്നു തന്റെ മുന്നില്‍, ഒരേ ഒരു വാക്ക്, മകനെ കാണിച്ചു തരാം പകരം വിവാഹത്തിനു സമ്മതിക്കണം……….ഇല്ലെങ്കില്‍ ഗാന്ധാര രാജ്യം ഭീഷ്മര്‍ ആക്രമിക്കും…
മകന്‍ എന്ന വാക്കില്‍ ഉരുകിപ്പോയ് മാനസം… മറ്റൊന്നും ആലോചിച്ചില്ല……. എന്തുമാകാം എനിക്ക് എന്റെ മകനെ കാണണം.. തിരിച്ച് നടന്ന ശകുനിയോട് ഒരുവാക്കു കൂടിപ്പറഞ്ഞു….
“പൊന്നാങ്ങള കേള്‍ക്കണം. വിവാഹം……വിവാഹം എന്ന ചടങ്ങ് മാത്രം അതിനപ്പുറത്തേക്ക് ഒരാളും ഒന്നുമാകില്ല….!”
നടന്നു പോകുന്ന ആങ്ങളയുടെ കാലുകള്‍ ഇടറുന്ന ശബ്ദം താന്‍ കേട്ടു… ! മനസ്സില്‍ കനല്‍ക്കട്ടകള്‍ വാരിയിടാന്‍ എങ്ങനെയാണീ ഗാന്ധാരിയെന്ന പാവം പെണ്‍കുട്ടി പഠിച്ചത്?
‘പൊന്നാങ്ങള കേള്‍ക്കണം. വിവാഹം……വിവാഹം എന്ന ചടങ്ങ് മാത്രം അതിനപ്പുറത്തേക്ക് ഒരാളും ഒന്നുമാകില്ല….!’
ശകുനിയാങ്ങളയില്‍ നിന്നും മകനെക്കുറിച്ചറിഞ്ഞപ്പോള്‍, അമ്മ മനസ്സ് ഞെരിഞ്ഞുടഞ്ഞു, മകനേ ഈ അമ്മയോട് നീ ഒരിക്കലും സഹിക്കില്ല. അത്രക്കു കൊടിയ ദുരിതത്തിലേക്കല്ലേ നിന്നെ തള്ളിയിട്ടത്..അതിരഥന്റെ വളര്‍ത്തുപുത്രനായ് നീ……! എന്തെന്തു ദുരിതങ്ങളാണു നീ സഹിച്ചത്, മകനെ നിനക്കായ് മാത്രം ചുരന്നൊരു മുലയോടെ നിന്നെ കാത്തിരുന്നവളാണീ അമ്മ. നിനക്കായ് മാത്രം നെഞ്ചില്‍ ചൂടു സൂക്ഷിച്ചവളാണീ അമ്മ..
നിനക്കായ് എല്ലാം ഒരുക്കിത്തരാന്‍ എന്നും ശകുനിയാങ്ങളയെ മുള്‍മുനയില്‍ നിര്‍ത്തി ഈ അമ്മ. അര്‍ജ്ജുനനെയും തോല്പിക്കുന്ന അസ്ത്രവിദ്യ നിന്നെ പരിശീലിപ്പിച്ചില്ലേ പരശുരാമന്‍. ഒടുവില്‍ , രാജകുമാരന്മാരുടെ അരങ്ങേറ്റവേദിയിലേക്ക് നിന്നെ എത്തിച്ചതും ശകുനിയാങ്ങളയുടെ വിരുത്. നീ അവിടെ ജ്വലിച്ചു നിന്നപ്പോള്‍, ഞാന്‍ നിന്റെ അച്ഛനെക്കുറിച്ചോര്‍ത്തൂ… നീ സൂര്യ ബിംബം പോലെ ഭൂമിയില്‍ തിളങ്ങിയെന്നറിഞ്ഞപ്പോള്‍, മകനേ, ഞാന്‍ നിന്റെ അച്ഛനെ മനസ്സില്‍ നിറക്കുകയായിരുന്നു…പക്ഷേ, ഒടുവില്‍, നിന്റെ കുലവും തൊഴിലും ചോദിച്ച് അപഹാസ്യനാക്കിയപ്പോള്‍, തളര്‍ന്നുപോയി ഈ അമ്മ.. നിന്റെ അഛനോട് ഈ അമ്മ മനസ്സില്‍ ഒരായിരം മാപ്പിരന്നു…
സ്വന്തം മക്കളെക്കാള്‍ ഉജ്ജ്വലനായൊരുവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍… എന്നാല്‍ പിന്നീട് കുന്തിയുടെ മൂത്തപുത്രനാണു നീ എന്നു തോഴിമാര്‍ രഹസ്യം പറഞ്ഞപ്പോള്‍, മകനേ, എന്റെ നെഞ്ചുരുകിയതു അറിഞ്ഞുവോ നീ…….?
ഈ അമ്മ എത്രക്കു ദുര്‍ബ്ബലയായി..! എനിക്കതില്‍ പരാതിയില്ല, മാന്യമായൊരു സ്ഥാനം കുന്തി നിനക്ക് നല്‍കിയാല്‍, അപമാന ഭീതിയില്‍ നിന്നും നീ രക്ഷപ്പെട്ടാലോ എന്നു ഞാന്‍ സമാധാനിച്ചു.
എന്നാല്‍ കുന്തി, എന്നും തന്ത്രങ്ങളുടെ രാജകുമാരിയായിരുന്നല്ലോ..!. ഈ അമ്മക്ക് പ്രസവിക്കാനേ കഴിഞ്ഞുള്ളൂ.. പ്രണയിക്കാനേ കഴിഞ്ഞുള്ളൂ…. പിടിച്ചു വാങ്ങാന്‍ അറിയില്ലായിരുന്നു….. മകനേ കര്‍ണ്ണാ… ന്റെ പൊന്നു മോനേ..!.
മിഴികള്‍ കെട്ടിയിരുന്ന കറുത്ത ചേല കണ്ണീരില്‍കുതിര്‍ന്നു ഗാന്ധാരിക്ക് കണ്ണുകളില്‍ കുളിരു വ്യാപിച്ചു..
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: