| Thursday, 29th December 2022, 11:18 pm

ആര്‍.ആര്‍.ആറിലെ ആ ഡാന്‍സ് 'തീ തന്നെ'; പ്രശംസയുമായി ഗെയിം ഓഫ് ത്രോണ്‍സ് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍.ആര്‍.ആര്‍ ബോക്‌സ് ഓഫിസില്‍ കോടികളായിരുന്നു ചിത്രത്തിന് ലഭിച്ചത്. 2022 ഇന്ത്യന്‍ ബോക്സ് ഓഫീസിലെ വലിയ വിജയം തന്നെയായിരുന്നു ചിത്രം.

ഇപ്പോഴിതാ ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഗെയിം ഓഫ് ത്രോണ്‍സ് താരം നതാലി ഇമ്മാനുവല്‍. ഗെയിം ഓഫ് ത്രോണ്‍സിലെ മിസ്സാണ്ടെ എന്ന കഥാപാത്രത്തെയാണ് നതാലി അവതരിപ്പിച്ചത്.

നെറ്റ്ഫ്ളിക്സില്‍ ചിത്രം റിലീസായതോടെ മികച്ച അഭിപ്രായമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ആര്‍.ആര്‍.ആര്‍ ഒരു മികച്ച ചിത്രമാണെന്നതില്‍ ആരും തര്‍ക്കിക്കേണ്ടതില്ലെന്നാണ് നതാലി ട്വിറ്ററില്‍ കുറിച്ചത്.

ചിത്രത്തിലെ നാട്ടു നാട്ടു ഗാനത്തിനെക്കുറിച്ചും നതാലി മികച്ച അഭിപ്രായം പങ്കുവച്ചു. ആലിയ ഭട്ടിന്റെ സീത എന്ന കഥാപാത്രത്തെയും ഒലിവിയ മോറിസിന്റെ ജെന്നിയെയും നതാലി ട്വിറ്ററില്‍ അഭിനന്ദിച്ചു.

ഓസ്‌കാര്‍ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഇന്ത്യയില്‍ നിന്നുള്ള നാല് എന്‍ട്രികളില്‍ ഒന്നാണ് ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന് ആരംഭിക്കുന്ന ഗാനം. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ സിനിമാഗാനം കൂടിയാണിത്. കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്ന് എഴുതിയ ഗാനത്തിന് കീരവാണിയാണ് ഈണം നല്‍കിയത്.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് ആര്‍.ആര്‍.ആര്‍ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

content highlight: The Game of Thrones star nathalie emmanuel praise r.r.r movie

We use cookies to give you the best possible experience. Learn more