സരസ്വതി ആരോടും വേര്‍ത്തിരിവ് കാണിക്കുന്നില്ല, ഹിജാബിന്റെ പേരില്‍ ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി തകര്‍ക്കുകയാണ്: രാഹുല്‍ ഗാന്ധി
national news
സരസ്വതി ആരോടും വേര്‍ത്തിരിവ് കാണിക്കുന്നില്ല, ഹിജാബിന്റെ പേരില്‍ ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി തകര്‍ക്കുകയാണ്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th February 2022, 12:05 pm

ന്യൂദല്‍ഹി: ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും വിദ്യാര്‍ഥിനികളെ പുറത്താക്കിയ വിഷയത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.

സരസ്വതി പൂജയുടെ ദിവസം ഓര്‍മിപ്പിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടക വിഷയത്തെ കുറിച്ച് സംസാരിച്ചത്. സരസ്വതി ദേവി എല്ലാവര്‍ക്കും അറിവ് നല്‍കുന്നുവെന്നും ആരോടും വേര്‍ത്തിരിവ് കാണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

‘വിദ്യാര്‍ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസമാകുന്നുണ്ടെങ്കില്‍ അതിലൂടെ നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ ഹിജാബ് (ശിരോവസ്ത്രം) ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കോളേജില്‍ പ്രവേശിക്കാനാവില്ല.

സംഭവത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹരജിയിന്മേല്‍ കോടതി തീരുമാനമാകുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് തന്നെ തുടരും. അതായത് ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകിയാലോ കേസ് നീണ്ടുപോയാലോ, നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള യൂണിഫോം നിബന്ധന തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു യോഗം ചേര്‍ന്നത്.

വിഷയത്തില്‍ ഹൈക്കോടതി വിധി വന്നതിന് ശേഷമായിരിക്കും പി.യു കോളേജില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ തീരുമാനിക്കുക.

നേരത്തെ സംസ്ഥാനത്തെ പി.യു കോളേജുകളില്‍ യൂണിഫോം സിസ്റ്റം നടപ്പാക്കാന്‍ പ്രീ യൂണിവേഴ്‌സിറ്റി വകുപ്പ് നടപടികളാരംഭിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പി.യു കോളേജുകളിലും യൂണിഫോം സിസ്റ്റം നടപ്പാക്കുന്നത് സംബന്ധിച്ച് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരു സമിതിയേയും നിയോഗിച്ചിരുന്നു.

സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രീ യൂണിവേഴ്‌സിറ്റി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, കര്‍ണാടക കോളേജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.

വ്യക്തികള്‍ക്ക് സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രഗ്യ സിംഗ് ഠാക്കൂര്‍ എന്നിവരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട്, ഇവര്‍ക്ക് കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.


Content Highlights: The future of India’s daughters is being ruined in the name of hijab: Rahul Gandhi