ലോക ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു റൊണാൾഡോയുടെ അൽ നസർ പ്രവേശനം. താരം യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിൽ ചേക്കേറുമെന്നായിരുന്നു അവസാന നിമിഷം വരെയും ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒടുവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് താരം കൂടുമാറുകയായിരുന്നു.
ഏകദേശം 225 മില്യൺ യൂറോ പ്രതിവർഷം പ്രതിഫലം നൽകിയാണ് താരത്തെ പ്രോ ലീഗ് ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലേക്കെത്തിച്ചിരിക്കുന്നത്.
2025 വരെ റോണോക്ക് അൽ നസറുമായി കരാർ ഉണ്ടാകുമെന്നും പ്ലെയർ എന്ന നിലയിൽ കരാർ അവസാനിച്ചാൽ താരത്തിന് പരിശീലകനായും ക്ലബ്ബിൽ തുടരാം എന്നുമാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.
എന്നാലിപ്പോൾ റൊണാൾഡോയുടെ അൽ നസർ പ്രവേശനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ യുവന്റസ് താരവും റൊണാൾഡോയുടെ മുൻ സഹതാരവുമായ മിറാലം ജാനിച്ച്. ഫുട്ബോളിന്റെ ഭാവി ഇനി മധ്യേഷ്യൻ രാജ്യങ്ങളിലാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
“റൊണാൾഡോ അൽ നസറിലേക്ക് എത്തിയത് വളരെ മികച്ചൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. ഫുട്ബോളിന്റെ ഭാവി ഇനി മധ്യേഷ്യൻ രാജ്യങ്ങളിലാണ് എന്നെനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. ആ രാജ്യങ്ങൾക്കാണ് ഫുട്ബോളിനായി ഏറെക്കാര്യങ്ങൾ സംഭാവന ചെയ്യാൻ ഭാവിയിൽ സാധിക്കുക,’ മിറാലം ജാനിച്ച് പറഞ്ഞു.
“തീർച്ചയായും അറബ് ഫുട്ബോൾ ഒരുപാട് വികസിച്ചിട്ടുണ്ട്. അത്കൊണ്ട് റൊണാൾഡോയുടെ തീരുമാനം എന്നെ ഒരിക്കലും അത്ഭുതപ്പെടുത്തുന്നില്ല. അറബ് ഫുട്ബോളിന്റെ ലെവൽ ആളുകൾ ചിന്തിക്കുമ്പോലെ നിസാരമല്ല,’ മിറാലം ജാനിച്ച് കൂട്ടിച്ചേർത്തു.
“റൊണാൾഡോയുടെ തീരുമാനം അറബ് ഫുട്ബോളിന്റെ വളർച്ചക്ക് വലിയ പ്രയോജനം ചെയ്യും. അറബ് കുട്ടികൾക്ക് ഒരുപാട് സ്വപ്‌നങ്ങൾ കാണാൻ ഈ സൈനിങ് കൊണ്ട് സാധിക്കുമെന്നെനിക്കുറപ്പാണ്,’ അദ്ദേഹം തുടർന്നു.
ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിനായി റൊണാൾഡോയും മിറാലം ജാനിച്ചും 77 മത്സരങ്ങളാണ് ഒരുമിച്ച് കളിച്ചത്. ഇപ്പോൾ യു.എ.ഇ പ്രോ ലീഗ് ക്ലബ്ബായ ഷാർജക്ക് വേണ്ടിയാണ് ജാനിച്ച് കളിക്കുന്നത്.
എന്നാൽ പ്രോ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടും റൊണാൾഡോ ഇതുവരെ അൽ നസറിനായി മത്സരിക്കാനിറങ്ങിയിട്ടില്ല. ജനുവരി 19ന് പി. എസ്.ജിയുമായുള്ള സന്നാഹ മത്സരത്തിലാണ് റൊണാൾഡോ അടുത്തതായി കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights:The future of football is Arab countries; Former teammate supportes Ronaldo