കോന്നി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികകളില്‍ ആദ്യ സ്ഥാനക്കാര്‍ ഇവര്‍; വോട്ട് കണക്കുകള്‍ പ്രവചിക്കുന്നത് അപ്രവചനീയ മത്സരം
bypoll
കോന്നി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികകളില്‍ ആദ്യ സ്ഥാനക്കാര്‍ ഇവര്‍; വോട്ട് കണക്കുകള്‍ പ്രവചിക്കുന്നത് അപ്രവചനീയ മത്സരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 7:33 pm

എം.എല്‍.എയായിരുന്ന അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എം.പിയായതിനെ തുടര്‍ന്ന് നടക്കാന്‍ പോകുന്ന കോന്നി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടികളില്‍ സജീവമായി. പാര്‍ട്ടി കമ്മറ്റികളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മൂന്ന് പ്രധാന മുന്നണികളും നേടിയ വോട്ടുകള്‍ തമ്മിലുള്ള അന്തരം വലുതല്ല. യു.ഡിഎഫിന് 2700 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് ഈ മണ്ഡലത്തില്‍ നിന്ന് നേടാന്‍ സാധിച്ചത്. എല്‍.ഡി.എഫിനേക്കാള്‍ 440 വോട്ടുകളുടെ കുറവ് മാത്രമാണ് ബി.ജെ.പിക്കുള്ളത്. അതിനാല്‍ തന്നെ ഈ ഇക്കുറി മത്സരം ചൂടുപിടിക്കുമെന്നുറപ്പ്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകളില്‍ കോാന്നി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിന്‍ പീറ്ററിന്റെ പേരാണ് മുമ്പിലുള്ളത്. അടൂര്‍ പ്രകാശിന്റെ പിന്തുണയും റോബിന്‍ പീറ്ററിന് ലഭിച്ചേക്കും. മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി രംഗത്തുണ്ട്. മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജ്, പഴകുളം മധു, പ്രയാര്‍ ഗോപാലകൃഷ്ണന്‍, എലിസബത്ത് അബു എന്നിവരുടെ പേരുകളാണ് റോബിന്‍ പീറ്ററിന്റെ പേരല്ലാതെ സജീവമായുള്ളത്.

ഒരിക്കല്‍ അടൂര്‍ പ്രകാശ് തങ്ങളുടെ കയ്യില്‍ നിന്ന് എടുത്ത് പിന്നീട് സ്ഥിരമാക്കിയ സീറ്റ് ഇക്കുറി തിരിച്ചു പിടിക്കണമെന്ന തീരുമാനത്തിലാണ് എല്‍.ഡി.എഫ്. അത് കൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ടും സി.പി.ഐ.എം. ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ. കെ.യു ജനീഷ് കുമാറിന്റെ പേരാണ് സജീവമായുള്ളത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ പേരും പരിഗണനയിലുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാനാണ് എന്‍.ഡി.എ ശ്രമിക്കുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനോട് കോന്നിയില്‍ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ.എന്‍ രാധാകൃഷ്ണനാണ് കോന്നിയിലെ തെരഞ്ഞെടുപ്പ് ചുമതല ബി.ജെ.പി നല്‍കിയിരിക്കുന്നത്.