| Monday, 28th August 2023, 3:18 pm

സ്‌കൂളുകളില്‍ പര്‍ദ ധരിക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ച് ഫ്രഞ്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പര്‍ദ ധരിച്ച് വരുന്നത് വിലക്കുമെന്ന് ഫ്രാന്‍സ് വിദ്യാഭ്യാസ മന്ത്രി. വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അട്ടാല്‍ ടി.എഫ്. 1 എന്ന ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പര്‍ദ ധരിക്കുന്നത് വിലക്കുമെന്ന് അറിയിച്ചത്.

‘സ്‌കൂളുകളില്‍ ഇനി പര്‍ദ ധരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഒരു ക്ലാസ്മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ അവരുടെ മതം നോക്കി നിങ്ങള്‍ തിരിച്ചറിയരുത്,’ അദ്ദേഹം പറഞ്ഞു.

19ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ പ്രകാരം പരമ്പരാഗത കത്തോലിക്ക സ്വാധീനം വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നിന്ന് നീക്കം ചെയ്തത് മുതല്‍ മറ്റ് മതപരമായ അടയാളങ്ങള്‍ക്ക് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തി വരികയാണ് ഫ്രാന്‍സ്. ഫ്രാന്‍സിലെ സ്‌കൂളുകളില്‍ കുരിശ്, ജൂത വിഭാഗത്തില്‍പ്പെടുന്നവരുടെ തലപ്പാവ്, മുസ്‌ലിങ്ങള്‍ ധരിക്കുന്ന ശിരോവസ്ത്രം എന്നിവയ്ക്ക് അനുവാദമില്ല.

2004ലാണ് സ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിക്കുന്നത്. 2010ല്‍ മുഖം മറച്ച് കൊണ്ടുള്ള ശിരോവസ്ത്രവും നിരോധിച്ചു. ഇവ കൂടാതെയാണ് പര്‍ദ ധരിക്കുന്നതിന് കൂടി വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

മാസങ്ങള്‍ നീണ്ട സംവാദങ്ങള്‍ക്കൊടുവിലാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഇപ്പോള്‍ പര്‍ദ നിരോധിക്കുന്ന തീരുമാനത്തിലെത്തി ചേര്‍ന്നിരിക്കുന്നത്.

അതേസമയം വലതുപക്ഷവും, തീവ്ര വലതുപക്ഷവും പര്‍ദ നിരോധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് ഇടതുപക്ഷം വാദിക്കുന്നത്.

വസ്ത്രങ്ങള്‍ മാത്രമല്ല മതപരമായ അടയാളങ്ങള്‍ എന്ന് നിരവധി മുസ്‌ലിം അസോസിയേഷനുകള്‍ ഉള്‍ക്കൊള്ളുന്ന ദേശീയ സംഘടനയായ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്‌ലിം ഫെയ്ത്തും പ്രതികരിച്ചു.

CONTENT HIGHLIGHTS: The French government has decided to ban the veil in schools

We use cookies to give you the best possible experience. Learn more