തിരുവനന്തപുരം: കേരളീയത്തിലെ മീഡിയ എക്സിബിഷന്‍ ‘ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ടി’ നു തുടക്കം. കേരളത്തിലെ മാധ്യമപുരോഗതിയുടെ നാള്‍വഴികള്‍, വാര്‍ത്താ നിമിഷങ്ങള്‍, വികസനത്തിന്റെ അതുല്യ വഴികള്‍ എന്നിവയുടെ പ്രദര്‍ശനങ്ങളും രാജ്യാന്തര ഫോട്ടോ, മാധ്യമ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉള്‍ക്കൊള്ളുന്ന മീഡിയ എക്സിബിഷന്‍ ഉദ്ഘാടനം ടാഗോര്‍ തിയറ്റര്‍ പരിസരത്ത് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.
‘ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ട്’ എന്ന പേരില്‍ പരമ്പരാഗത- നവമാധ്യമ രീതികളെ പുനര്‍നിര്‍വചിക്കുകയാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പ്രദര്‍ശനം ലക്ഷ്യമിടുന്നത്. പഴയകാലത്തെ ടൈപ്പ്റൈറ്റര്‍, ക്യാമറ മുതല്‍ എ.ഐ, വി ആര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വരെ പ്രദര്‍ശത്തിനുണ്ട്.
മലയാളത്തിലെ ആദ്യകാല പത്രങ്ങളായ രാജ്യസമാചാരം, പശ്ചിമോദയം, ഭാഷാപോഷിണി, വിദ്യാവിലാസിനി, ജ്ഞാനനിക്ഷേപം തുടങ്ങിയ പത്രങ്ങളുടെ ആദ്യകാല ലക്കങ്ങള്‍, ഒ.വി. വിജയന്‍, ആര്‍. ശങ്കര്‍, അരവിന്ദന്‍ തുടങ്ങിയ പ്രമുഖരുടെ കാര്‍ട്ടൂണുകള്‍, രാജ്യാന്തര മാധ്യമങ്ങളിലെ കേരളത്തെ സംബന്ധിച്ച വാര്‍ത്തകള്‍, പ്രമുഖ ഫോട്ടോഗ്രാഫറായ നിക്കുട്ടിന്റെ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം, കേരളപ്പിറവി സമയത്തെ അത്യപൂര്‍വ്വ പത്ര കട്ടിങ്ങുകള്‍, 23 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രശസ്ത മുദ്രാവാക്യ ചരിത്രങ്ങള്‍, കോമിക് ബുക്ക് ഡിജിറ്റല്‍ ആര്‍ട്ട്, എന്‍ എഫ്ടി ആര്‍ട്ട് തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് മീഡിയ പവിലിയനില്‍ ഒരുക്കിയിരിക്കുന്നത്. സബിന്‍ ഇക്ബാലാണ് ക്യുറേറ്റര്‍.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ടി.വി സുഭാഷ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്, ഐ.പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍മാരായ അബ്ദുള്‍ റഷീദ്, വി. സലിന്‍, കെ.ജി. സന്തോഷ് എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
CONTENT HIGHLIGHTS: ‘The Fourth Estate and Beyond’ media exhibition in Keraleeyam fest