ബൊഗോട്ട: കൊളംബിയ വിമാനാപകടത്തെ തുടര്‍ന്ന് ആമസോണ്‍ കാടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളും ആശുപത്രി വിട്ടു. 34 ദിവസത്തെ ചികിത്സക്ക് ശേഷമാണ് കുട്ടികള്‍ ആശുപത്രി വിട്ടത്.
ഒരു വയസ് മുതല്‍ 13 വയസ് വരെയുള്ള കുട്ടികളാണ് വ്യാഴാഴ്ച രാത്രി ആശുപത്രി വിട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മെയ് ഒന്നിനാണ് വിമാനം കാട്ടിലേക്ക് തകര്‍ന്ന് വീണത്. നിരന്തരമായ തെരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താന്‍ സാധിച്ചത്.
‘അവര്‍ പഴയ ഭാരം വീണ്ടെടുത്തു. അവര്‍ ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു. അവരുടെ രണ്ടാം ഘട്ട പരിപാലനം ആരംഭിക്കുകയാണ്,’ രാജ്യത്തെ ശിശു ക്ഷേമ സ്ഥാപനത്തിന്റെ ഡയറക്ടറായ ആസ്ട്രിഡ് കേസേര്‍സ് പറഞ്ഞു.
കുടുംബ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ ശിശു ക്ഷേമ സ്ഥാപനത്തിന്റെ കീഴിലായിരിക്കുമുണ്ടാകുകയെന്നും അവര്‍ പറഞ്ഞു. അവരുടെ അന്തിമ കസ്റ്റഡി കാര്യങ്ങള്‍ ആറ് മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും കേസേര്‍സ് കൂട്ടിച്ചേര്‍ത്തു.
ലെസ്‌ലി (13), സൊളെയ്‌നി (9), ടീന്‍ നോരിയല്‍ (5), ക്രിസ്തിന്‍ (1) എന്നീ കുട്ടികളാണ് കാട്ടിനുള്ളില്‍ നാല്പത് ദിവസം കുടുങ്ങിക്കഴിഞ്ഞത്. എന്നാല്‍ ആരോഗ്യം ക്ഷയിച്ചതിനാല്‍ രക്ഷപ്പെടുത്തിയ ഉടനെ തന്നെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കാടിനെക്കുറിച്ചുള്ള ലെസ്‌ലിയുടെ അറിവാണ് കുട്ടികളെ അതിജീവിക്കാന്‍ സഹായിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
അപകടം നടന്ന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കുട്ടികളെ കാട്ടില്‍ നിന്ന് കണ്ടെത്തിയത്. അപകടം നടന്നതിന് സമീപത്തുള്ള കൊളംബിയ കാക്വെറ്റ-ഗ്വാവിയര്‍ പ്രവിശ്യയിലെ അതിര്‍ത്തിക്കടുത്തായിട്ടാണ് സൈന്യം കുട്ടികളെ കണ്ടെത്തിയത്.
ആമസോണ്‍ പ്രവിശ്യയിലെ അറാറക്വാറയിലൂടെയും ഗ്വാവിയര്‍ പ്രവിശ്യയിലെ സാന്‍ ജോസ് ഡെല്‍ ഗ്വാവിയര്‍ മേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വിമാനാപകടം ഉണ്ടായത്. എന്‍ഞ്ചിന്‍തകരാറിനെ തുടര്‍ന്നായിരുന്നു അപകടം.
അമ്മയും നാല് മക്കളും പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഏഴ് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അമ്മയും പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.
content highlights: The four children who were rescued from the Amazon forest have left the hospital