| Wednesday, 8th February 2023, 1:48 pm

പൂജാരയില്ലാതെ പ്ലെയിങ് ഇലവനോ? ഇവനെയൊക്കെ ആരാടാ പിടിച്ച് സെലക്ടറാക്കിയത്; പൊങ്കാലയിട്ട് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തതിന് പിന്നാലെ എയറിലായിരിക്കുകയാണ് മുന്‍ സ്പിന്നറും ടീമിന്റെ മുന്‍ സെലക്ടറുമായ സുനില്‍ ജോഷി. ടെസ്റ്റ് സ്പെഷ്യലിസ്റ്റും ഈ ഫോര്‍മാറ്റില്‍ ടീമിന്റെ അവിഭാജ്യ ഘടകവുമായ ചേതേശ്വര്‍ പുജാരയെ ഒഴിവാക്കി ജോഷി പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്.

പൂജാരക്ക് പകരക്കാരനായി ജോഷി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ടി-20 സ്പെഷ്യലിസ്റ്റും പുതുമുഖവുമായ സൂര്യകുമാര്‍ യാദവിനെയാണ്. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണെന്നിരിക്കെയാണ് ജോഷി ഒരു സര്‍പ്രൈസ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു. പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് കൊണ്ടുള്ള ജോഷിയുടെ ട്വീറ്റാണ് വിവാദത്തിലായത്.

‘ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ലൈനപ്പ് ഇങ്ങനെയായിരിക്കുമോ? പുജാരക്കും സൂര്യക്കുമിടയില്‍ ചര്‍ച്ച നടക്കുകയാണ്. ഇടംകയ്യന്‍മാരായ കുല്‍ദീപ്, അക്ഷര്‍ എന്നിവരില്‍ ആരെന്നതും കടുപ്പമാണ്. എന്റെ പ്ലെയിങ് ഇലവന്‍ ഇതാണ്,

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (പ്രഥമ പരിഗണന ലഭിക്കണം), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്,’ ജോഷി ട്വീറ്റ് ചെയ്തു.

ട്വീറ്റിന് താഴെ ജോഷിയെ പരിഹസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘സുനില്‍ ജോഷി, നിങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യണം. ഇനിയൊരിക്കലും ക്രിക്കറ്റ് കാണുകയും ചെയ്യരുത് എന്നായിരുന്നു ഒരു യൂസര്‍ മറുപടി നല്‍കിയത്. ‘ഇന്ത്യയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുന്നത് ഒരു മോശം ഐഡിയ അല്ലെന്നായിരുന്നു മറ്റൊരു യൂസര്‍ പ്രതികരിച്ചത്.

‘ഇയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ സെലക്ടറായിരുന്നു. അന്ന് പല തലതിരിഞ്ഞ തീരുമാനങ്ങളും ഉണ്ടായിക്കാണുമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും കമന്റുകളുണ്ട്.

അതേസമയം, ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നാളെ നാഗ്പൂരില്‍ തുടക്കം കുറിക്കും. രാവിലെ 9.30നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ജയം മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്ത് കൂടി ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ജയത്തുടക്കം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ടോപ് ഓര്‍ഡറിലടക്കം ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്.

Content Highlights: The former selector Sunil Joshi drops Cheteshwar Pujara from his playing 11, trolls

We use cookies to give you the best possible experience. Learn more