അവരെ രണ്ടാളെയും ഗംഭീർ വളർത്തിയെടുത്തതാണ്, അവരെ ടീമിലെടുക്കണം: ബാല്യകാല കോച്ച്
Cricket
അവരെ രണ്ടാളെയും ഗംഭീർ വളർത്തിയെടുത്തതാണ്, അവരെ ടീമിലെടുക്കണം: ബാല്യകാല കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th July 2024, 10:32 am

രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീറിനെ അടുത്തിടെ നിയമിച്ചിരുന്നു. ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലാണ് ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലക കുപ്പായമാണിയുക.

ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യയുടെ പരമ്പര നടക്കുന്നത്. ശ്രീലങ്കയില്‍ വെച്ച് നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനവും ടി-20യുമാണ് കളിക്കുക. ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ പരമ്പരയില്‍ ഏതെല്ലാം താരങ്ങള്‍ ഇടം നേടും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ ഗംഭീറിനെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ബാല്യകാല പരിശീലകനായ സഞ്ജയ് ഭരദ്വാജ്. ഗംഭീറിന്റെ നിരീക്ഷണ കഴിവുകള്‍ വളരെ ശക്തമാണെന്നും കുല്‍ദീപ് യാദവ്, നവദീപ് സൈനി തുടങ്ങിയ താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നുമാണ് സഞ്ജയ് പറഞ്ഞത്.

‘അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് കുല്‍ദീപ് യാദവ്. നവദീപ് സൈനി എന്നീ താരങ്ങളെ തെരഞ്ഞെടുക്കാന്‍ സാധിക്കും.. കാരണം ഇവര്‍ രണ്ടുപേരും ഗംഭീര്‍ വളര്‍ത്തിയെടുത്ത താരങ്ങളാണ്. ബെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം മികച്ച താരമാക്കി മാറ്റി. ക്രിക്കറ്റില്‍ ഗംഭീറിന്റെ നിരീക്ഷണം വളരെ മികച്ചതാണ്,’ സഞ്ജയ് പറഞ്ഞു.

ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നല്‍കിയ സംഭാവനകളെക്കുറിച്ചും ബാല്യകാല കോച്ച് സംസാരിച്ചു.

‘തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ഗംഭീര്‍ ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ നേടി. 2007, 2011 എന്നി വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പ് ഒരു കളിക്കാരനെന്ന നിലയില്‍ ഇന്ത്യയ്ക്ക് നേടിക്കൊടുക്കാന്‍ നിങ്ങള്‍ സഹായിച്ചു. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മൂന്ന് കിരീടങ്ങളും നേടി. മുന്നിലുള്ള വെല്ലുവിളികളെ ഏറ്റെടുത്ത് അവയെല്ലാം കീഴടക്കുന്ന ശീലം നിങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധത പുലര്‍ത്തുകയും രാജ്യത്തിനായി മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്യണം,’ സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

Content Highlight: The Former Coach Talks about Gautham Gambhir