| Tuesday, 3rd December 2024, 7:21 pm

തൃക്കാക്കര നഗരസഭാ മുന്‍ അധ്യക്ഷയെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര നഗരസഭാ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കി. തീരുമാനം നഗരസഭാ സെക്രട്ടറി ടി.കെ. സന്തോഷ് രേഖാമൂലം വീട്ടിലെത്തി കൈമാറിയതായാണ് വിവരം.

തുടര്‍ച്ചയായി മൂന്ന് മാസം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ എത്താതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഒമ്പത് മാസമായി സ്ഥിരം സമിതി യോഗത്തിലും അജിത പങ്കെടുത്തിരുന്നില്ല.

2023 ന്റെ തുടക്കത്തിലാണ് അജിത തങ്കപ്പന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എല്‍.ഡി.എഫും സ്വതന്ത്ര കൗണ്‍സിലര്‍മാരും ചേര്‍ന്ന് യു.ഡി.എഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയായിരുന്നു രാജി.

സ്ത്രീ സംവരണ സീറ്റായ അധ്യക്ഷ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കണമെന്ന ധാരണയില്‍ ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന്‍ സ്ഥാനമേറ്റെടുക്കുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അജിത അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ഭരണമായിരുന്നു അജിത തങ്കപ്പന് കീഴില്‍ തൃക്കാക്കരയില്‍ നടന്നിരുന്നത്. അധ്യക്ഷയുടെ ഒദ്യോഗിക മുറിയുടെ പൂട്ടു നന്നാക്കാന്‍ ചെലവായ തുക സംബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല് നടന്നിരുന്നു.

തുടര്‍ന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൂട്ടത്തല്ലില്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചാ വിഷയം ആകുകയും ചെയ്തിരുന്നു.

ഇതിനുപുറമെ നഗരസഭയിലെ ക്രമക്കേടുകളെ കുറിച്ച് ഫയലില്‍ നോട്ടെഴുതിയ തന്നെ ക്യാമ്പിനില്‍ വിളിച്ചുവരുത്തി അജിത തങ്കപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ നഗരസഭാ സെക്രട്ടറിയായിരുന്ന ബി. അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. അധ്യക്ഷയും കോണ്‍ഗ്രസ് കൗണ്‍സിലറായ ഷാജി വാഴക്കാലയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

Content Highlight: The former chairperson of Thrikkakara Municipality has been disqualified from the post of councillor

Latest Stories

We use cookies to give you the best possible experience. Learn more