മെസി അമേരിക്കയിലേക്ക് വന്നപ്പോൾ, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെപോലെ തോന്നി: എം.എൽ.എസ് മുൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th October 2023, 9:18 am
അർജന്റിന ഇതിഹാസതാരം ലയണൽ മെസി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയതിന് ശേഷമുള്ള മാറ്റങ്ങളെ ക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അമേരിക്കൻ മുൻ താരമായ ക്ലിന്റ് ഡെംപ്സി.
മെസിയുടെ വരവോടുകൂടി അമേരിക്കയുടെ സ്പോർട്സ് രംഗങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മെസിയുടെ വരവോടെ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യത്തെപോലെ തോന്നുന്നുവെന്നുമാണ് ഡെംപ്സി പറഞ്ഞത്.
‘മെസിയുടെ അമേരിക്കയിലേക്കുള്ള വരവ് വലിയ സ്വീകാര്യതയാണ് നൽകിയതെന്നാണ് എനിക്ക് തോന്നിയത്. രാജ്യത്ത് ഫുട്ബോൾ ആരാധകർ മാത്രമല്ല മെസിയുടെ കളി കാണുന്നത്. മറ്റ് ആളുകളും അവനെ ശ്രദ്ധിക്കുന്നുണ്ട്. ഒരു ലോകകപ്പ് നടക്കുന്ന പോലെയാണ് അദ്ദേഹം ഇവിടെ ഉള്ളപ്പോൾ തോന്നുന്നത്,’ ഡെംപ്സി ഇ.എസ്.പി.എന്നിനോട് പറഞ്ഞു.
ഈ സീസണിലെ സമ്മർ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജർമെനിൽ നിന്നുമാണ് മെസി അമേരിക്കയിലേക്ക് ചേക്കേറിയത്. മെസിയുടെ വരവോട് കൂടി മികച്ച മുന്നേറ്റമാണ് ഇന്റർ മയാമി നടത്തിയത്.
11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും എട്ട് അസിസ്റ്റുകളും ആണ് മെസി മയാമിക്ക് വേണ്ടി നേടിയത്. ഇതുവരെ ഇല്ലാതിരുന്ന കിരീടം ഇന്റർ മയാമിക്ക് നേടി കൊടുക്കാനും മെസിക്ക് സാധിച്ചു. ലീഗ്‌സ് കപ്പ് ഫൈനലിൽ നാഷ് വില്ലയെ തകർത്താണ് മയാമി കിരീടം ചൂടിയത്.
സെപ്റ്റംബറിൽ അന്താരാഷ്ട്ര മൽസരങ്ങൾക്കിടയിൽ മെസിക്ക് പരിക്ക് പറ്റിയിരുന്നു. തുടർന്ന് നടന്ന മത്സരങ്ങളിലൊന്നും താരം കളിച്ചിരുന്നില്ല. യു.എസ് ഓപ്പൺ ഫൈനലിൽ പരാജയപ്പെടുകയും ചെയ്തു. താരത്തിന്റെ അഭാവം വലിയ തിരിച്ചടിയാണ് മയാമിക്ക് നൽകിയത്.
അവസാനം സിൻസിറ്റിക്കെതിരെ നടന്ന മത്സരത്തിൽ മെസി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നു. എന്നാൽ ആ മത്സരത്തിലും മയാമി പരാജയപ്പെടുകയായിരുന്നു.
Content Highlight: The former american player talks about the Lionel Messi arrival in Major League Soccor.