നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ലോക ജേതാക്കളായത്.
ഇപ്പോള്‍ ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. വിജയിച്ച ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ സഞ്ജു സാംസണ്‍, യശസ്വി ജെയ്‌സ്വാള്‍, ഖലീല്‍ അഹമ്മദ്, റിങ്കു സിങ്, ശിവം ദുബെ എന്നീ താരങ്ങളാണ് ഇപ്പോള്‍ ബാര്‍ബഡോസില്‍ നിന്നും നാട്ടിലെത്താന്‍ സാധിക്കാതെ നില്‍ക്കുന്നത്.
ബെറിന്‍ ചുഴലികാറ്റ് വരും ദിവസങ്ങളില്‍ ബാര്‍ബഡോസില്‍ ശക്തമായ രീതിയില്‍ എത്തുമെന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമിന്റെ മടങ്ങിവരവ് വൈകിയത്. ന്യൂയോര്‍ക്കില്‍ നിന്ന് ദുബായ് വഴി എമിറേറ്റ്സ് വിമാനത്തില്‍ ഇന്ത്യയിലേക്ക് പോവാനായിരുന്നു ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നത്.
എന്നാല്‍ കാലാവസ്ഥാ ഭീഷണി നിലനിന്നതോടെ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയില്‍ ആവുകയായിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫും കുടുംബങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 70 ഓളം ആളുകളാണ് ഇന്ത്യന്‍ ടീമിനൊപ്പം നാട്ടിലേക്ക് തിരിക്കാനുള്ളത്.
ഇപ്പോള്‍ സിംബാബ്വെക്കെതിരെയുള്ള പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഈ പരമ്പരയ്ക്കുള്ള അഞ്ചു താരങ്ങള്‍ ഇന്ത്യയില്‍ എത്തി വീണ്ടും സിംബാബ്വെയിലേക്ക് യാത്ര ചെയ്യുക എന്നുള്ളത് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.
അതേസമയം ജൂലൈ ആറ് മുതല്‍ ജൂലൈ 14 വരെയാണ് ഇന്ത്യ- സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഹരാരെയിലാണ് ആദ്യ മത്സരം നടക്കുന്നത്.