കല്‍ബുര്‍ഗി വധക്കേസ്; അഞ്ച് പ്രതികളെ ഭാര്യയും മകളും തിരിച്ചറിഞ്ഞു
national news
കല്‍ബുര്‍ഗി വധക്കേസ്; അഞ്ച് പ്രതികളെ ഭാര്യയും മകളും തിരിച്ചറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2022, 7:47 am

ബെഗംളൂരു: പ്രൊഫ. എം. എം. കല്‍ബുര്‍ഗി വധക്കേസിലെ അഞ്ച് പ്രതികളെ അദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി, മകള്‍ രൂപദര്‍ശിനി എന്നിവര്‍ തിരിച്ചറിഞ്ഞു.

ഹബ്ബള്ളി സ്വദേശികളായ അമിത് ബാഡി, ഗണേഷ് മിസ്‌കിന്‍, മഹാരാഷ്ട്ര സ്വദേശികളായ പ്രവീണ്‍ പ്രകാശ് ചതുര്‍, അമോല്‍ കാലെ, വാസുദേവ് സൂര്യവംശി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അമിത്, ഗണേഷ്, വാസുദേവ് എന്നിവരെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും അമോലിനെ ബെഗംളൂരുവിലുള്ള പരപ്പന അഗ്രഹാര ജയിലില്‍ നിന്നും പ്രവീണിനെ ധര്‍വാദ് സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് കോടതിയിലെത്തിച്ചത്. പൂനെ യര്‍വാഡ ജയിലിലുള്ള ശരത് കലാസ്‌കറിനെ കോടതിയിലെത്തിച്ചിരുന്നില്ല.

കോടതിയില്‍ വെച്ച് ഉമാദേവിയും രൂപദര്‍ശിനിയും പ്രതികളേയും തെളിവുകളും തിരിച്ചറിയുകയായിരുന്നു. ഗണേഷ് മിസ്‌കിനാണ് തന്റേ പിതാവിനെ വെടിവെച്ചതെന്ന് രൂപദര്‍ശിനി കോടതിയെ അറിയിച്ചു. ജഡ്ജി പഞ്ചാക്ഷരി മഹേശ്വരി വാദം കേള്‍ക്കുന്നത് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.

2015 ഓഗസ്റ്റ് 30നാണ് കല്‍ബുര്‍ഗിയെ ധര്‍വാദിലെ കല്യാണ്‍ നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതികള്‍ കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികള്‍ക്ക് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.


Content Highlight: The five accused in the Kalburgi murder case have been identified by his wife Umadevi and daughter Rupadarshini