Advertisement
ആദ്യഭാര്യയെ നിയമപരമായി തലാഖ് ചെയ്യണം; പാസ്‌പോര്‍ട്ടില്‍നിന്ന് പേരും മാറ്റണം
N.R.I LEGAL CORNER
ആദ്യഭാര്യയെ നിയമപരമായി തലാഖ് ചെയ്യണം; പാസ്‌പോര്‍ട്ടില്‍നിന്ന് പേരും മാറ്റണം
ആര്‍.മുരളീധരന്‍
2024 Mar 06, 02:16 pm
Wednesday, 6th March 2024, 7:46 pm

പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍  മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം

Email: info@nrklegal.com


ചോദ്യം: ആദ്യഭാര്യയെ നിയമപരമായി തലാഖ് ചെയ്യണം; പാസ്‌പോര്‍ട്ടില്‍നിന്ന് പേരും മാറ്റണം

ഞാന്‍ സൗദി അറേബ്യയിലെ ഖസിമിലാണ് ജോലി ചെയ്യുന്നത്. എന്റെ ആദ്യത്തെ നിക്കാഹ് നടന്നത് 2000-ലാണ്. നിര്‍ഭാഗ്യവശാല്‍, 2013 ല്‍, പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഞാനും ഭാര്യയും വേര്‍പിരിഞ്ഞു. അന്നുമുതല്‍ പരസ്പരബന്ധമൊന്നുമില്ലാതെ വേര്‍പിരിഞ്ഞാണ് ഞങ്ങള്‍ താമസിക്കുന്നത്. വേര്‍പിരിഞ്ഞിട്ടും, ഞാന്‍ എന്റെ ആദ്യഭാര്യയെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും സാമ്പത്തികമായി സഹായിക്കുന്നുണ്ട്.

20 വയസ്സുള്ള ഒരു മകനും 18 വയസ്സുള്ള മകളും ആദ്യഭാര്യക്കൊപ്പമാണ് കഴിയുന്നത്. പരസ്പരസമ്മതപ്രകാരം വിവാഹം വേര്‍പിരിയാമെന്ന് ആദ്യഭാര്യയോട് പറഞ്ഞെങ്കിലും അവര്‍ സഹകരിച്ചിട്ടില്ല. അതിനാല്‍ 2021-ല്‍ ഞാന്‍ പുനര്‍വിവാഹിതനായി. എന്നാല്‍ എന്റെ പാസ്‌പ്പോര്‍ട്ടില്‍ ആദ്യഭാര്യയുടെ പേരാണ് ഉള്ളത്. ഇത് ഉടനെ മാറ്റണമെന്നുണ്ട്. അതോടൊപ്പം ആദ്യഭാര്യയുമായുള്ള വിവാഹം നിയമപരമായി വേര്‍പെടുത്തണം. ഇതിന്റെ രണ്ടിന്റെയും നടപടിക്രമങ്ങള്‍ പറഞ്ഞുതരാന്‍ അഭ്യര്‍ത്ഥിക്കുന്നു.

റഷീദ്, അല്‍-ഖസിം, സൗദി അറേബ്യ

ഉത്തരം: നിങ്ങള്‍ സൗദി അറേബ്യയിലും മുന്‍ ഭാര്യ ഇന്ത്യയിലും ആയതിനാല്‍ രണ്ട് രാജ്യങ്ങളുടെയും നിയമവ്യവസ്ഥകള്‍ നിങ്ങളുടെ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ബാധകമാകുന്നതാണ്. സൗദി അറേബ്യയില്‍, വിവാഹമോചന നടപടികള്‍ സാധാരണയായി ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായി കുടുംബ നിയമ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ശരിയത്ത് കോടതികളാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ താമസിക്കുന്ന നിങ്ങളുടെ വേര്‍പിരിഞ്ഞ ഭാര്യയുടെ പങ്കാളിത്തമില്ലാതെ വിവാഹമോചന നടപടികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഖസിമിലെ കുടുംബവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ശരിഅത്ത് കോടതിയെ സമീപിക്കേണ്ടതുണ്ട്.

കുടുംബവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സൗദി അഭിഭാഷകന്‍ വഴിയോ സ്വന്തം നിലയിലോ കോടതിയെ സമീപിക്കാവുന്നതാണ്. കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതിനുശേഷം നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍, അത് ആദ്യഭാര്യയുമായുള്ള വിവാഹമോചന ഉത്തരവ് പുറപ്പെടുവിക്കുന്നതായിരിക്കും.

എന്നാല്‍ സൗദി കോടതി പുറപ്പെടുവിച്ച വിവാഹമോചന ഉത്തരവ് ഇന്ത്യയിലെ അധികാരികള്‍ അംഗീകരിക്കണമെങ്കില്‍ സൗദി കോടതിയുടെ ഉത്തരവ് കേരളത്തിലെ ബന്ധപ്പെട്ട ജൂറിസ്ഡിക്ഷനിലുള്ള കുടുംബകോടതിയില്‍ ഫയല്‍ ചെയ്ത് അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളും സ്വാഭാവികനീതിയും സൗദി കോടതി സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ കുടുംബകോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വിവാഹമോചനം സാധുവാകുകയുള്ളു.

ഇതിനുവേണ്ടി സൗദി ശരിയത്ത് കോടതി പുറപ്പെടുവിച്ച വിവാഹമോചന ഉത്തരവ് സൗദി വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തുകയും അതിന്റെ ഇംഗ്ലീഷ് പരിഭാഷ സൗദിയിലെ ഇന്ത്യന്‍ എംബസ്സിയുടെ സാക്ഷ്യപ്പെടുത്തലോടെ കേരളത്തിലെ കുടുംബ കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്.

പാസ്‌പോര്‍ട്ടില്‍നിന്നും മുന്‍ ഭാര്യയുടെ പേര് നീക്കം ചെയ്യുന്നതിന്:

സൗദി ശരിയത്ത് കോടതി പുറപ്പെടുവിച്ച വിവാഹമോചന ഉത്തരവ് സൗദി വിദേശമന്ത്രാലയത്തിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും സാക്ഷ്യപ്പെടുത്തലോടെ ഇന്ത്യയുടെ പാസ്‌പോര്‍ട്ട് അധികാരികള്‍ക്ക് (സൗദിയിലാണെങ്കില്‍ ഇന്ത്യന്‍ എംബസി, ഇന്ത്യയിലാണെങ്കില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം) സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതായിരിക്കും. പുറമേ, പാസ്‌പോര്‍ട്ട് അധികാരികള്‍ ആവശ്യപ്പെടുന്ന തിരിച്ചറിയല്‍ രേഖകളും ഫീസും കൊടുക്കേണ്ടതാണ്.


അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com 


content highlights: The first wife must be legally divorced; Change the name from the passport

എന്‍.ആര്‍.ഐ ലീഗല്‍ കോര്‍ണറില്‍ നേരത്തെ പ്രസിദ്ധീകരിച്ചവ ഇവിടെ വായിക്കാം

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു