| Saturday, 12th November 2022, 9:44 pm

ഐ.പി.എല്‍ 2023ലെ ആദ്യ ചിരി രോഹിത്തിന്; ആര്‍.സി.ബിക്ക് കണ്ണീര്‍, ഓസീസ് സൂപ്പര്‍ താരം മുംബൈ ഇന്ത്യന്‍സിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023 എഡിഷനിലെ ആദ്യ താര കൈമാറ്റം നടന്നു. റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഓസീസ് സൂപ്പര്‍ താരം ജേസണ്‍ ബെഹ്രന്‍ഡോഫിനെ മുംബൈ ഇന്ത്യന്‍സാണ് ആദ്യ ട്രേഡിലൂടെ സ്വന്തമാക്കിയത്.

അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്കാണ് ജേസണ്‍ പ്ലേ ബോള്‍ഡ് സ്‌ക്വാഡില്‍ നിന്നും മുംബൈ താരത്തെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്.

മുന്‍ സീസണുകളില്‍ മുംബൈക്കായി അരങ്ങേറിയ താരമാണ് ജേസണ്‍. ഐ.പി.എല്ലിന്റെ 2018 എഡിഷനില്‍ താരം മുംബൈക്ക് വേണ്ടി കളിച്ചിരുന്നു.

‘ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ബെഹ്രന്‍ഡോഫിനെ വരാനിരിക്കുന്ന സീസണില്‍ (ഐ.പി.എല്‍ 2023) റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്ക് ട്രേഡ് ചെയ്തു.

2022 ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് സ്വന്തമാക്കിയിരുന്നു,’ ഐ.പി.എല്‍ പുറത്തുവിട്ട പ്രസ് റിലീസില്‍ പറയുന്നു.

ഐ.പി.എല്‍ 2018ല്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ജേസണ്‍ 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും 2022ല്‍ ആര്‍.സി.ബിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

ഒമ്പത് അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ കളിച്ച ജേസണ്‍ ഏഴ് വിക്കറ്റവും സ്വന്തമാക്കിയിട്ടുണ്ട്. 21 റണ്‍സിന് നാല് വിക്കറ്റ് എന്നതാണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം.

2018ല്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ അഞ്ച് മത്സരത്തില്‍ നിന്നും താരം അഞ്ച് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഏറ്റവും മോശം സീസണായിരുന്നു 2022ലേത്. പോയിന്റ് പട്ടികയില്‍ അവസാനക്കാരായി കളിയവസാനിപ്പിച്ച മുംബൈ മികച്ച തിരിച്ചുവരവിന് തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണില്‍ 14 മത്സരം കളിച്ച മുംബൈക്ക് നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

2023 ഐ.പി.എല്ലിന്റെ താര ലേലം ഡിസംബറില്‍ നടക്കും. കഴിഞ്ഞ സീസണില്‍ മെഗാ താരലേലമായതിനാല്‍ ഇത്തവണ മിനി ഓക്ഷനായിട്ടാണ്  ലേലം നിശ്ചയിച്ചിരിക്കുന്നത്.

Content Highlight: The first trade of the IPL 2023 season has been announced, with the Australian from Royal Challengers Bangalore to Mumbai Indians.

We use cookies to give you the best possible experience. Learn more