| Thursday, 5th January 2023, 7:11 pm

ഭക്തി വിട്ട് ഇനി കുറച്ച് റൊമാന്‍സാവാം; അപര്‍ണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന മിണ്ടിയും പറഞ്ഞും; ആദ്യഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. നീയേ നെഞ്ചില്‍ എന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മഴ പെയ്യുന്ന രാത്രിയില്‍ ചോരുന്ന വീട്ടിലെ കഷ്ടപ്പാടിനിടയിലും സന്തോഷം കണ്ടെത്തുന്ന രണ്ട് യുവ മിഥുനങ്ങളെയാണ് ഗാനരംഗങ്ങളില്‍ കാണുന്നത്.

നീയേ നെഞ്ചില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരിയാണ്. സൂരജ് എസ്. കുറുപ്പ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മൃദുല വാര്യര്‍ക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നതും സൂരജ് ആണ്. ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാര്‍വ്വതി, ഗീതി സംഗീത, സോഹന്‍ സീനുലാല്‍, ആര്‍. ജെ. മുരുകന്‍, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആര്‍. ജെ. വിജിത, ശിവ ഹരിഹരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലൂക്ക എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാണം കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ്. ഛായാഗ്രഹണം മധു അമ്പാട്ട്. സംവിധായകനൊപ്പം മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് കിരണ്‍ ദാസ്.

മാളികപ്പുറമാണ് ഒടുവില്‍ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ ചിത്രം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഡിസംബര്‍ 30നാണ് തിയേറ്ററുകളിലെത്തിയത്. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

കാപ്പയാണ് അപര്‍ണ ബാലമുരളി നായിക ആയി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രം ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. അന്ന ബെന്‍, ആസിഫ് അലി, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: The first song from the movie Mindyum Kalutm is out

We use cookies to give you the best possible experience. Learn more