Film News
ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും ഒന്നിക്കുന്നു, ഒപ്പം ഇന്ദ്രന്‍സും; അദൃശ്യ ജാലകങ്ങള്‍ ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 31, 07:24 am
Tuesday, 31st May 2022, 12:54 pm

ടൊവിനോ തോമസിന്റെ പുതിയ ചിത്രം അദൃശ്യ ജാലകങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഒരു ജാലകത്തിനപ്പുറം പുക ഉയരുന്ന ഫാക്ടറികള്‍ക്ക് മേലെ രണ്ട് ഹെലികോപ്റ്ററുകള്‍ പറന്നു പോകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. ഇന്ദ്രന്‍സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം രാധിക ലാവുവാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് കമ്പനികളുടെ ബാനറിലാണ് നിര്‍മാണം.

ഡിയര്‍ ഫ്രണ്ട്, വാശി, തല്ലുമാല എന്നിവയാണ് ഉടന്‍ പുറത്ത് വരാനുള്ള ടൊവിനോയുടെ ചിത്രങ്ങള്‍.
വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ട് ജൂണ്‍ പത്തിന് റിലീസ് ചെയ്യും. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു ജി. രാഘവന്‍ സംവിധാനം ചെയ്യുന്ന വാശി ജൂണ്‍ 17നാണ് തിയേറ്ററുകളില്‍ എത്തുക. കീര്‍ത്തി സുരേഷാണ് വാശിയില്‍ നായിക. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായിക.

തുറമുഖമാണ് ഇനി റിലീസ് ചെയ്യാനുള്ള നിമിഷ സജയന്റെ ചിത്രം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ, ജോജു ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പത്താം തീയതിയിലേക്ക് മാറ്റിയിരുന്നു.

Content Highlight: The first look poster of Tovino Thomas new movie adrishya jalakangal