Film News
തോക്കേന്തിയ കൈ; നിഗൂഢത ഉയര്‍ത്തി മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 17, 01:35 pm
Wednesday, 17th August 2022, 7:05 pm

മമ്മൂട്ടി-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത്. ക്രിസ്റ്റഫര്‍ എന്നാണ് ചിത്രത്തിന്റെ പേര്. തോക്ക് പിടിച്ചിരിക്കുന്ന ഒരു കൈ മാത്രമാണ് പോസ്റ്ററില്‍ കാണുന്നത്. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലന്‍. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

എറണാകുളം, വണ്ടിപെരിയാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ്: മനോജ്, കലാ സംവിധാനം: ഷാജി നടുവില്‍ വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, സ്റ്റില്‍സ്: നവീന്‍ മുരളി.

നിസാം ബഷീറിന്റെ റൊഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് ഷൂട്ട് പൂര്‍ത്തിയായിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍. രഞ്ജിത്തിന്റെ കടുഗന്നാവാ ഒരു യാത്രയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

എം.ടിയുടെ തിരക്കഥകള്‍ അടിസ്ഥാനമാക്കി ഒരുക്കുന്ന പത്ത് ചിത്രങ്ങള്‍ അടങ്ങുന്ന ആന്തോളജിയിലൊന്നാണ് കടുഗന്നാവ ഒരു യാത്ര. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ഓളവും തീരവും ഇതിലൊന്നാണ്.

Content Highlight: The first look poster and title of mammootty- b. Unnikrishnan’s film is out