| Monday, 7th October 2019, 12:39 pm

കൂടത്തായിയിലെ ആദ്യ കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്ത്; കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ബാക്കിയുള്ള മരണങ്ങള്‍ തടയാമായിരുന്നെന്നും മന്ത്രി കടകംപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കുടത്തായിലെ കൊലപാതക പരമ്പരയില്‍ ആദ്യ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍.

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. മരണങ്ങളെ പറ്റി അന്ന് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ മറ്റുകൊലപാതകങ്ങള്‍ നടക്കില്ലായിരുന്നെന്നും കടകംപ്പള്ളി പറഞ്ഞു.

ശബരിമലയിലെ ഇടതുപക്ഷത്തിന്റെ നിലപാട് കൃത്യമായി ജനങ്ങളോട് പറയാന്‍ സാധിച്ചില്ലെന്നും വിശ്വാസ സംരക്ഷകര്‍ അല്ലെന്ന് കരുതി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളെ തോല്‍പ്പിച്ചെന്നും കടകംപ്പള്ളി എല്‍.ഡി.എഫിന്റെ കുടുംബയോഗത്തില്‍ പറഞ്ഞു.

അതേസമയം കൂടത്തായ് കൊലപാതക പരമ്പര പുതിയ വഴിത്തിരിവിലേക്കാണ് പോകുന്നത്. കൊലപാതകവുമുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തു. ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി. ഷാജുവിനെ ക്രൈംബ്രാഞ്ച് രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആറ് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.

ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more