ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി മഴ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മഴ വീണ്ടും രസംകൊല്ലിയായയത്.
കഴിഞ്ഞ ദിവസം മഴമാറി നിന്നപ്പോള്‍ സുഖസുന്ദരമായി മത്സരം നടന്ന ഗ്രൗണ്ടില്‍ ഇത്തവണയും ആവേശകരമായ പോരാട്ടം കാണാന്‍ സാധിക്കും എന്ന പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കിയാണ് മഴ തകര്‍ത്തുപെയ്യുന്നത്.
ലഖ്‌നൗ- ബെംഗളൂരു മത്സരം നടക്കാനിരിക്കെയാണ് മഴയെത്തിയത്. ടോസിന് നായകന്മാര്‍ വന്നതിന് ശേഷമാണ് മഴ ആരംഭിച്ചത്.
മഴ മാറി അന്തരീക്ഷം തെളിഞ്ഞില്ലെങ്കില്‍ പണി കിട്ടാന്‍ പോകുന്നത് ബെംഗളൂരുവിനാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരു ഓവര്‍ പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ബെംഗളൂരുവിനെ തോറ്റതായി പ്രഖ്യാപിക്കും.
പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ലഖ്‌നൗവിനെ സംബന്ധിച്ച് ആശ്വാസം. അഥവാ തോല്‍ക്കുകയാണെങ്കില്‍ തന്നെ കളിച്ചാവും ലഖ്‌നൗ തോല്‍ക്കുന്നത്.
മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ബെംഗളൂരുവിനുണ്ടാക്കുന്ന മാനസികാഘാതം ചെറുതായിരിക്കില്ല.
മുംബൈ ഇന്ത്യന്‍സിനോട് ദല്‍ഹി ക്യാപ്പിറ്റല്‍സ് പരാജയപ്പെട്ടപ്പോള്‍ പ്ലേ ഓഫിലെത്തിയതിന്റെ ആഹ്ലാദത്തില്‍ മതിമറന്ന ചിത്രം തന്നെ ഉപയോഗിച്ചായിരിക്കും സോഷ്യല്‍ മീഡിയ ടീം പ്ലേ ബോള്‍ഡിനെ തേജോവധം ചെയ്യുന്നത്.
മഴമൂലം കളി തടസ്സപ്പെടുകയും മത്സരം തുടങ്ങാന്‍ വൈകുകയും ചെയ്താല്‍ മുഴുവന്‍ ഓവറുകളിലും കളി നടക്കാനുള്ള സാധ്യതയുമുണ്ട്.
നിശ്ചിത സമയത്തിന് ശേഷം 2 മണിക്കൂറാണ് ഇതിനായി അനുവദിക്കപ്പെട്ടിട്ടുള്ളത്. അതായത്, പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാന്‍ വൈകിയാലും പരമാവധി 9.40ന് വരെ മത്സരം തുടങ്ങാന്‍ സാധിക്കും.
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം കിരീടത്തോട് ഒരു പടി അടുക്കും. ഇന്ന് ജയിക്കുന്ന ടീം വെള്ളിയാഴ്ച രാജസ്ഥാനെ നേരിടും.
മത്സരം ഉപേക്ഷിച്ചാല്‍ ഓട്ടോമാറ്റിക്കായി രാജസ്ഥാനെ നേരിടുന്നത് സൂപ്പര്‍ ജയന്റ്‌സ് തന്നെയായിരിക്കും. വൈകിയാലും മത്സരം തുടങ്ങാനുള്ള ഓപ്ഷന്‍ ഉണ്ടെന്നിരിക്കെ മഴ മാറാനാണ് ഇരു ടീമും കാത്തിരിക്കുന്നത്.
5 ഓവര്‍ കളിക്കാനുള്ള സമയം ലഭിച്ചില്ലെങ്കില്‍ സൂപ്പര്‍ ഓവറാവും കളിക്കുക. 12.50 ന് മുമ്പ് സൂപ്പര്‍ ഓവറും നടന്നില്ലെങ്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് പുറത്താവും.
എന്നാല്‍ ആര്‍.സി.ബിക്ക് ആശ്വാസമായി മഴ മാറിയിട്ടുണ്ട്. എന്നാല്‍ ടോസ് നേടി ലഖ്‌നൗ ആര്‍.സി.ബിയെ ബാറ്റിംഗിനയക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇന്നിംഗ്‌സ് പിന്തുടര്‍ന്ന് ജയിച്ച ഗുജറാത്തിന്റെ അതേ ഫോര്‍മാറ്റ് തന്നെയാവും ലഖ്‌നൗ പിന്തുടരുന്നത്.