| Friday, 14th April 2023, 10:01 pm

2023ലെ ആദ്യ സെഞ്ച്വറിയും പിറന്നു മക്കളേ; ഈ ഇംഗ്ലീഷ് ബാറ്ററുടെ നൂറിന് പ്രത്യേകതകളേറെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023 സീസണിലെ ആദ്യ സെഞ്ച്വറി പിറന്നിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹാരി ബ്രൂക്കാണ് 55 പന്തില്‍ നിന്ന് തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. ഓപ്പണറായി ഇറങ്ങിയ ബ്രൂക്കിന്റെ ചെറുത്തുനില്‍പ്പ് അവസാന പന്ത് വരെ നീണ്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയ ലക്ഷ്യം 229 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയിരിക്കുകയാണ്. 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്സ്.

26 സ്പിന്‍ പന്തുകള്‍ നേരിട്ട ബ്രൂക്ക് 34 റണ്‍സെടുത്തപ്പോള്‍, 26 പേസ് ബോളുകളിലാണ് താരം 66 റണ്‍സ് നേടിയത്. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിനായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്ററാണ് ഹാരി ബ്രൂക്ക്. കഴിഞ്ഞ നാല് മാസത്തിനിടെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ തികച്ച താരമാണ് ഈ ഇംഗ്ലീഷ് ബാറ്റര്‍. താരം ഐ.പി.എല്ലിലും തന്റെ സാന്നിധ്യമറിയിക്കുകയാണിപ്പോള്‍.

ടോസ് നേടിയ കൊല്‍ക്കത്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 228 റണ്‍സ് അടച്ചുകൂട്ടിയത്. സണ്‍റൈസേഴ്‌സിനായി മായങ്ക് അഗര്‍വാളും ബ്രൂക്കും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ തീര്‍ത്തത്.

തുടര്‍ന്ന് ക്രീസീലെത്തിയ ത്രിപാഠിക്കും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. നാല് പന്തില്‍ ഒമ്പത് റണ്‍സാണ് ത്രിപാഠി നേടിയത്. എന്നാല്‍ പിന്നീട് 26 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മക്രമം ബ്രൂക്കിന് മികച്ച പിന്തുണ നല്‍കിയതും
അവസാന ഓവറില്‍ കൂറ്റന്‍ അടിക്ക് മുതിര്‍ന്നതും ടീം സ്‌കോര്‍ 220 കടത്തി.

Content Highlights: The first century of the IPL 2023 season has been born

We use cookies to give you the best possible experience. Learn more