തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നടക്കും. ഒമ്പതുമണിക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഈ ജനുവരിയില്‍ അവതരിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിലെ അവസാന ബജറ്റില്‍ നിന്ന് നയപരമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാകില്ല.
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍വരെയുള്ള മൂന്നു മാസത്തെ ചെലവുകള്‍ക്ക് വോട്ട് ഓണ്‍ അക്കൗണ്ടും ബജറ്റില്‍
അവതരിപ്പിക്കും. സത്യപതിജ്ഞ ചെയ്ത് രണ്ടാഴ്ചക്കുള്ളിലാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റിന് ഒരുങ്ങുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തയ്യാറാക്കാന്‍ അന്നത്തെ ധനമന്ത്രി ടി.എം തോമസ് ഐസക്കിന് 42 ദിവസം കിട്ടിയിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റിന്റെ ബദല്‍ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്.
ഇത്തവണ, കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ അടക്കമുളള ഈ പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ജീവനോപാധി ഒരുക്കാനുളള കടമ ബജറ്റില്‍ പുതിയ സര്‍ക്കാരിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൊവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യമായി വാക്സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുളള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ബജറ്റലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.