|

ഒരു ലവ് സ്റ്റോറിക്കായി പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരില്ലെന്ന് അവര്‍ പറഞ്ഞു: സീതാ രാമം നിര്‍മാതാക്കള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീതാ രാമം റിലീസ് ചെയ്ത് ഒരു വര്‍ഷമാവുകയാണ് ഓഗസ്റ്റ് അഞ്ചിന്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ ജോഡി ആദ്യമായി ഒന്നിച്ച ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഹനു രാഘവപ്പുടിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം വൈജയന്തി മൂവീസ്, സ്വപ്‌ന മൂവീസ് എന്നീ പ്രൊഡക്ഷന്‍ ഹൗസുകളുടെ ബാനറില്‍ സി. അശ്വനി ദത്ത്, സ്വപ്‌ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ആനിവേഴ്‌സറി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ വൈജയന്തി മൂവീസ്. വൈജയന്തി മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളും വീഡിയോയില്‍ പറയുന്നുണ്ട്.

‘തിയേറ്ററിലേക്ക് പ്രേക്ഷകര്‍ വരില്ലെന്ന് അവര്‍ പറഞ്ഞ സമയത്ത്, ലവ് സ്റ്റോറിക്ക് ഒരു പ്രതീക്ഷയില്ലെന്ന് വിചാരിച്ച സമയത്ത്, പ്രണയം കൊണ്ട് പോരാടാന്‍ ഞങ്ങള്‍ തീരുമാനിച്ചു, സീത, റാം എന്നീ ആയുധങ്ങള്‍ കൊണ്ട്. നിങ്ങള്‍ ഞങ്ങള്‍ക്ക് വിജയം നല്‍കി,’ സീതാ രാമത്തിന്റെ ദൃശ്യങ്ങളുള്‍ക്കൊള്ളിച്ച് വീഡിയോക്കിടയില്‍ പറയുന്നു.

ആര്‍.ആര്‍.ആര്‍, കെ.ജി.എഫ്, ബീസ്റ്റ് മുതലായ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ മാത്രം തിയേറ്ററില്‍ വിജയം നേടുന്ന സമയത്തായിരുന്നു പ്രതീക്ഷകളില്ലാതെ സീതാ രാമം റിലീസ് ചെയ്തത്. എന്നാല്‍ ആദ്യദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 97 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്തത്.

ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്റെ ബി.ടി.എസ്. വീഡിയോ മൃണാളും പങ്കുവെച്ചിരുന്നു. ഷൂട്ടിനിടയിലുള്ള രസകരമായ രംഗങ്ങളാണ് വീഡിയോയിലുള്ളത്. ചിത്രം ആദ്യദിനം തിയേറ്ററില്‍ കണ്ടതിന് ശേഷം ഹനു രാഘവപ്പുടിയെ കെട്ടിപിടിച്ച് കരയുന്ന മൃണാളിനേയും ദുല്‍ഖറിനേയും വീഡിയോയില്‍ കാണാം.

ചിത്രത്തിന്റെ പ്രൊമോഷനിടക്കുള്ള ദുല്‍ഖറിന്റേയും മൃണാളിന്റേയും സൗഹൃദവും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് ശേഷവും തങ്ങള്‍ക്കിടയിലെ സൗഹൃദം ഇരുവരും സജീവമായി തുടരുകയാണ്.

Content Highlight: The first anniversary video of the filmsita ramam has been released by the producers Vyjayanthi Movies