ഫേസ് ടു ഫേസ്
ലീല/ജിന്‍സി ബാലകൃഷ്ണന്‍
ജാതീയവും മതപരവുമായ ഉച്ഛനീചത്വങ്ങളും, സാമ്പത്തിക രാഷ്ട്രീയ സ്വാധീനങ്ങളും വളരെയധികം പ്രതിഫലിക്കുന്ന മാധ്യമമാണ് സിനിമ. എത്രതന്നെ ഇല്ലെന്ന് വാദിച്ചാലും ഈ ദുഷ്‌പേരുകള്‍ സിനിമയെ വിട്ടുപോകില്ല. ദലിതനെയോ, സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരെയോ എടുത്തുകാട്ടാന്‍ എന്തുകൊണ്ടോ മലയാള സിനിമയ്ക്ക് മടിയായിരുന്നു. ഇടയ്‌ക്കെങ്കിലും ഉണ്ടാവുന്ന ഇത്തരം ഉദ്യമങ്ങള്‍ പലപ്പോഴും ചവിട്ടിമെതിക്കപ്പെടുകയാണ് പതിവ്.
സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമയെന്ന് പറയുന്നുണ്ടെങ്കിലും അത് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം സ്വന്തമായി മാറുകയാണ് പലപ്പോഴും. സമൂഹത്തിന്റെ ഭാഗമായ ദലിതനും ആദിവാസികളുമൊക്കെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തിപ്പെടുകയാണ്. അഥവാ ഇവര്‍ ചിത്രീകരിക്കപ്പെട്ടാല്‍ പോലും അത് സത്യത്തിന്റെ നേര്‍ക്കാഴ്ചകളാവാറില്ല. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ ആദിവാസി ബാലന് നായക തുല്യമായ കഥാപാത്രം നല്‍കി ഒരിക്കല്‍ മലയാള സിനിമ ഒരു ചെറിയ മാറ്റത്തിന് തുടക്കമിട്ടിരുന്നു. എന്നാല്‍ അവന്‍ ആ ചിത്രത്തിനുശേഷം ഒഴിച്ചുനിര്‍ത്തപ്പെടുകയാണുണ്ടായത്. ഒരിക്കലും അഭിനയിക്കാന്‍ അറിയാഞ്ഞിട്ടല്ല.
ഇപ്പോള്‍ ആദിവാസി വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ പുറംലോകത്തിന് കാട്ടിക്കൊടുക്കാന്‍ തയ്യാറായി അവര്‍ക്കിടയില്‍ നിന്നും ഒരു സ്ത്രീ വന്നിരിക്കുകയാണ്. വയനാട് പനമരം സ്വദേശിനി ലീല. ഗോത്രപ്പഴമയെന്ന ഡോക്യുമെന്ററിയിലൂടെ സ്വന്തം സമുദായമായ പണിയ വിഭാഗത്തെ പുറംലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ലീല. സിനിമയെക്കുറിച്ച് വലിയ അറിവോ വിദ്യാഭ്യാസമോ സാങ്കേതിക മികവോ അവകാശപ്പെടാനില്ലാതെ ഈ മേഖലയിലേക്ക് ധൈര്യസമേതം പൊരുതാനിറങ്ങിയ ലീല തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
ഗോത്രപ്പഴമ എന്ന നിങ്ങളുടെ ഡോക്യുമെന്ററിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തനതായ ആചാരങ്ങള്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, രോഗങ്ങള്‍ എന്നിവ പുറംലോകത്തിന് കാട്ടിക്കൊടുക്കാനാണ് ചിത്രത്തിലൂടെ ഞാന്‍ ശ്രമിച്ചിട്ടുള്ളത്.
ചലച്ചിത്രമേഖലയില്‍ ലീലയ്‌ക്കെന്തെങ്കിലും മുന്‍പരിചയമുണ്ടോ?
ഫിലിം വര്‍ക്ക് ഷോപ്പുകളില്‍ പോയി പഠിച്ചിട്ടുള്ള അനുഭവ പരിചയമേ എനിക്കുള്ളൂ. അവിടെ പോയി ചില കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അല്ലാതെ ഇതുസംബന്ധിച്ച് ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല.
കനവിന്റെ “ഗുഡ” എന്ന് പറയുന്ന സിനിമയുണ്ട്. കുറേ മുമ്പ് പുറത്തിറങ്ങിയതാണ്. അതിന്റെ ജോലികളില്‍ ഞാന്‍ സഹായിച്ചിരുന്നു. വി.കെ ജോസഫ് എന്ന മാഷ് തിരുവനന്തപുരത്ത് മാസ് മീഡിയയുടെ ഫീമെയില്‍ ഫിലിം എന്ന വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിട്ടുണ്ട്. രാജസ്ഥാനിലും ഒരു ഫിലിം വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിട്ടുണ്ട്.
ഞാന്‍ ഒന്നാം ക്ലാസ് വരെയേ സ്‌കൂളില്‍ പോയിട്ടുള്ളൂ. പിന്നെ “കനവ്”-ലാണ് പഠിച്ചത്.
ചലച്ചിത്രമേഖലയിലേക്ക് വരാനുള്ള പ്രചോദനം എന്തായിരുന്നു?
പണ്ട് മുതലേ ഈ മേഖല ഇഷ്ടമായിരുന്നു. പണ്ടുമുതലേ വയനാട്ടിലെ പ്രശ്‌നങ്ങളും ചൂഷണങ്ങളും കാണുന്നയാളാണ് ഞാന്‍. ഇതൊക്കെ കണ്ട് നിരവധി തവണ വേദനിച്ചിട്ടുണ്ട്. ആ സമയത്തുതന്നെ പുറം ലോകത്തെ ഇത് അറിയിക്കണമെന്ന് തോന്നിയിട്ടുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
രാജന്‍ റോബേര്‍ട്ട് എന്നയാളാണ് എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുതന്നത്. എന്റെ ഡോക്യുമെന്ററിയുടെ പ്രൊഡ്യൂസറാണ് അദ്ദേഹം. കനവില്‍ അദ്ദേഹം ഇടയ്ക്കിടെ വരാറുണ്ട്. അങ്ങനെയാണ് പരിചയപ്പെട്ടത്. കനവിലെ മറ്റ് പ്രവര്‍ത്തകരും ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
സിനിമാ മേഖലയില്‍ നിന്നും പിന്തുണലഭിച്ചിട്ടുണ്ടോ?
ഇല്ല. ഈ ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയായിട്ടേയുള്ളൂ. അതുകൊണ്ട് ആരും ഇതിനെക്കുറിച്ച് അറിഞ്ഞിട്ടില്ല.
സിനിമാ മേഖലയിലല്ലാതെ സിവിക് ചന്ദ്രന്‍ മാഷെപ്പോലുള്ളവര്‍ നന്നായി സഹായിച്ചിട്ടുണ്ട്.
ഗോത്രപ്പഴമയുടെ അണിയറയില്‍ ആരൊക്കെയാണ്?
പുല്‍പ്പള്ളിയുള്ള സന്തോഷ് എന്നയാളാണ് ക്യാമറാമാന്‍. ജിജോയെന്നയാളാണ് എഡിറ്റിംഗ് ചെയ്തത്. ബാക്കിയുള്ള എല്ലാകാര്യങ്ങളിലും സഹായിച്ചത് കനവിലെ സുഹൃത്തുക്കളാണ്.
ആദിവാസി ദലിത് വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന സ്വത്വപ്രശ്‌നങ്ങള്‍ ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
അതിനെക്കുറിച്ചൊന്നും ഞാന്‍ കൊടുത്തിട്ടില്ല. പിന്നെ ഞാന്‍ ചെയ്തത്, ഇവിടെ നിന്നും കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകുന്നത്, ജോലികള്‍ക്കായി ഇവിടെ നിന്നും ഒരുപാട് പെണ്‍കുട്ടികളെ പുറത്ത് നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇവരില്‍ പലരും തിരിച്ചുവരാത്ത അവസ്ഥയുണ്ട്. ഒരുപാട് പിള്ളേരുണ്ട,് പെണ്‍കുട്ടികളുണ്ട്. പലയിടങ്ങളിലും അവരെക്കുറിച്ച് അറിവ് പോലുമില്ലാത്ത അവസ്ഥയുണ്ട്. അവര്‍ക്കെന്താണ് സംഭവിച്ചതെന്നുള്ളത്. അതുപോലെ തന്നെ ആണുങ്ങള്‍ക്കിടയിലെ മരണം. കുടകിലൊക്കെ ഇഞ്ചികൃഷിക്ക് പോയിട്ട് മരിച്ചുകഴിഞ്ഞാണ് തിരിച്ചെത്തുന്നത്.
ഇതിന് പലകാരണങ്ങളുമുണ്ട്. അവിടെ ഇഞ്ചിയിലിട്ടിരിക്കുന്ന മരുന്ന് പലപ്പോഴും വിഷമയമായിരിക്കും. മദ്യമാണ് മറ്റൊരു പ്രശ്‌നം. അധ്വാനിക്കുന്നതല്ലേ, കൂടാതെ വീട്ടിലെ പ്രശ്‌നങ്ങളും. തോട്ടം ഉടമകള്‍ അവരെ ഉപദ്രവിക്കുന്നതായി വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും പലപ്പോഴും തൊഴിലാളികള്‍ മരിച്ചാല്‍ പോലും ഊരുകളില്‍ വിവരമറിയിക്കാത്ത അവസ്ഥയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പോലും അവിടെയാണ് നടക്കുന്നത്. അതൊന്നും നമ്മുടെയൊരു അറവിലെത്തുന്നില്ലല്ലോ. അവര് പറയുന്ന എന്തും വിശ്വസിക്കുന്ന സ്ഥിതിയാണ് ഇവിടെ. ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ ഡയലോഗുകളില്‍ പറഞ്ഞിട്ടുണ്ട്.
പിന്നെ പ്രധാനമായും ഞങ്ങളുടെ ആചാരങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതില്‍ പലതും വിഷ്വലെടുത്ത് കാണിക്കാന്‍ പറ്റുന്നില്ല. ഈ ആചാരങ്ങളൊന്നും ആരും ഇപ്പോള്‍ പിന്തുടരുന്നില്ല. പിന്നെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഘട്ടത്തില്‍ മാത്രമാണ് ചെയ്യുന്നത്. അതിലൊരു കല്ല്യാണത്തിന്റെ വിഷ്വല്‍സാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അടുത്ത പേജില്‍ തുടരുന്നു
മറ്റൊന്ന് രോഗങ്ങളാണ്. പൊതുവെ വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ തന്നെ ക്യാന്‍സര്‍ പോലുള്ള പുതിയ രോഗങ്ങളുടെ കടന്നുവരവുകള്‍ വളരെ ശക്തമാണ്. അതിന് ഒരു കാരണം ഭക്ഷണരീതിയിലുള്ള മാറ്റമാണ്. സമുദായിക ഭക്ഷണരീതിയില്‍ നിന്നുള്ള മാറ്റം. പിന്നെ മദ്യം, ലഹരിയെന്നിവയും പ്രശ്‌നമായിട്ടുണ്ട്. അതാണ് മെയിനായിട്ട് പറയുന്നത്.
ആദിവാസികള്‍ നേരിടുന്ന ലൈംഗിക ചൂഷങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ?
ലൈംഗിക ചൂഷണങ്ങള്‍ ഒരുപാടുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ജോലിക്കായി പുറംനാട്ടിലേക്ക് കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ തിരികെയിങ്ങ് എത്തിക്കാത്ത അവസ്ഥയെ കുറിച്ച്. അതില്‍ ലൈംഗിക ചൂഷണങ്ങളുമുണ്ട്.
ചിലര്‍ അതിനെതിരെ പരാതി കൊടുക്കാറുണ്ട്. എന്നാല്‍ ഇവിടെ സാധാരണയായി ഒരു കുട്ടിയെ കാണാതായി കഴിഞ്ഞാല്‍ വലിയ വേവലാതിയൊന്നുമില്ലാത്ത അവസ്ഥയാണ് വീടുകളിലും കോളനികളിലുമുള്ളത്. അതുകൊണ്ടുതന്നെ ഇതാരും ശ്രദ്ധിക്കപ്പെടുന്നില്ല. പരാതി കൊടുക്കാനോ മറ്റോ ആളില്ലാത്ത അവസ്ഥയാണ്.
പരാതി കൊടുത്താല്‍ തന്നെ അന്വേഷണം ശക്തമായ രീതിയിലൊന്നും വരാറില്ല. പിന്നെ അധികമാരും പരാതി കൊടുക്കാനും മെനക്കെടാറില്ല.
മുത്തങ്ങയുള്‍പ്പെടെ ആദിവാസികളെ ഉള്‍പ്പെടുത്തി നിരവധി ഭൂസമരങ്ങള്‍ വയനാട്ടില്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. ഈ സമരങ്ങളെ എങ്ങിനെ കാണുന്നു?
ഭൂസമരം ആവശ്യമാണ്. കാരണം ഇന്നത്തെ അവസ്ഥയില്‍ നിലനിന്ന് പോകണമെങ്കില്‍ ഭൂമിവേണം. ഇപ്പോഴത്തെ അവസ്ഥ പറയുമ്പോള്‍ ഭൂസമരങ്ങളെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നത്. ഓരോ രാഷ്ട്രീയക്കാരും ഓരോ ഇടങ്ങളില്‍ കേന്ദ്രീകരിക്കുന്നു. കോളനിക്കാരെ അവരുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. എങ്കിലും ആദിവാസികള്‍ക്ക് ഭൂമി ആവശ്യമുണ്ട്. അതിനാല്‍ സമരങ്ങള്‍ ശരിയായി നടത്തണമെന്നാണ് എന്റെ അഭിപ്രായം.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് മുത്തങ്ങ ഭൂസമരം. അതിനുശേഷം അവിടെയെന്തെങ്കിലും മാറ്റങ്ങളുണ്ടായോ?
വയനാട്ടിലെ കുറേയിടങ്ങളില്‍ എന്‍.ജി.ഒകളുണ്ട്. ആദിവാസികള്‍ക്ക് പൊതുവേ ഇല്ലാത്ത രൂപങ്ങളും ഭാവങ്ങളുമൊക്കെ കാണിച്ചിട്ട് പൈസ വാങ്ങുന്ന ഒരവസ്ഥയുണ്ട്. ‘എന്‍.ജി.ഒകള്‍ വളരും ആദിവാസി തകരും’ എന്നതാണ് സ്ഥിതി. പലയിടത്തും അങ്ങിനെ സംഭവിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് വ്യക്തമായിട്ടുള്ള ഒരു വളര്‍ച്ചയോ അതിനുള്ളൊരു പരിഹാരമോ എത്തുന്നില്ല. അവര്‍ പ്രോജക്ട് വര്‍ക്ക് ആയിട്ട് മാത്രം ആദിവാസികളെ കാണുന്ന രീതിയിലേക്കാണ് പലപ്പോഴും നീങ്ങിയിട്ടുള്ളത്.
ഇപ്പോഴും ആ സ്ഥലം അവിടെ കിടക്കുകയാണ്. പ്രത്യേകിച്ച് ഇപ്പോള്‍ അവിടെയൊന്നും സംഭവിക്കുന്നില്ല. പലയിടങ്ങളിലും ഭൂസമരങ്ങള്‍ നടത്തണമെന്ന് ഞാനൊക്കെ ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി പലപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
മുത്തങ്ങ സംഭവത്തിനുശേഷം ഇവിടെ ഗോത്രസഭ തന്നെ ഇല്ലാതായി. വീട്ടിലെ ബുദ്ധിമുട്ടും ജീവിക്കാനുള്ള കൊതികൊണ്ടും പലരും ഇവിടെ നിന്നും മാറി മാറി പോകുകയാണ്.
ആദിവാസികളുടെ ക്ഷേമത്തിനായി നിരവധി സംഘടനകളുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?
വയനാട്ടിലെ കുറേയിടങ്ങളില്‍ എന്‍.ജി.ഒകളുണ്ട്. ആദിവാസികള്‍ക്ക് പൊതുവേ ഇല്ലാത്ത രൂപങ്ങളും ഭാവങ്ങളുമൊക്കെ കാണിച്ചിട്ട് പൈസ വാങ്ങുന്ന ഒരവസ്ഥയുണ്ട്. “എന്‍.ജി.ഒകള്‍ വളരും ആദിവാസികള്‍ തകരും” എന്നതാണ് സ്ഥിതി. പലയിടത്തും അങ്ങിനെ സംഭവിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് വ്യക്തമായിട്ടുള്ള ഒരു വളര്‍ച്ചയോ അതിനുള്ളൊരു പരിഹാരമോ എത്തുന്നില്ല. അവര്‍ പ്രോജക്ട് വര്‍ക്ക് ആയിട്ട് മാത്രം ആദിവാസികളെ കാണുന്ന രീതിയിലേക്കാണ് പലപ്പോഴും നീങ്ങിയിട്ടുള്ളത്. ആദിവാസി കുട്ടികളുടെ ഫോട്ടോ എടുത്ത് പൈസ വാങ്ങുന്നു. എന്നാല്‍ അവര്‍ക്ക് അതിന്റേതായ മെച്ചമൊന്നും കൊടുക്കുന്നില്ല. പലയിടങ്ങളിലും പ്രോജക്ട് വര്‍ക്ക് പോലും എന്‍.ജി.ഒയുടെ പ്രവര്‍ത്തനം മാറുകയാണ്.
സി.കെ ജാനുവൊക്കെ ശരിക്ക് ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ജാനുവൊന്നും ഇതില്‍പ്പെടില്ല. വിദ്യാഭ്യാസ പരമായി ഇവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചില ശ്രമങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണാത്ത അവസ്ഥയാണ്. ആദിവാസികള്‍ക്ക് വീടുവയ്ക്കാന്‍ പ്രോജക്ടുകള്‍ നിരവധിയുണ്ട്. എന്നാല്‍ അതൊന്നും കൃത്യമായ രീതിയില്‍ നടപ്പാക്കുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു
പല ആദിവാസി കലാരൂപങ്ങളും അന്യം നിന്നുപോയെന്ന് പറഞ്ഞല്ലോ. എന്താണിതിന് കാരണം?
പ്രധാനകാരണം പുതുതലമുറയ്ക്ക് പുറത്തുള്ള രീതികളോടാണ് താല്‍പര്യം. തനതായ ഭക്ഷണരീതിയും ആചാരങ്ങളും ചിട്ടകളും പലരും പിന്‍തുടരാന്‍ മടിക്കുന്നു. മതപരമായും രാഷ്ട്രീയമായും പുറത്തുനിന്നുള്ള കടന്നുവരലുകള്‍. സ്‌കൂളുകളില്‍ നിന്നും പുറന്തള്ളപ്പെടുന്നത്. അത് പലപ്പോഴും കുട്ടികള്‍ തന്നെ സ്‌കൂള്‍ പഠനത്തിന് താല്‍പര്യം കാണിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഭാഷയാണ് ഇതിന് പ്രശ്‌നം. എഴുത്തുഭാഷയും ആദിവാസികളുടെ ഭാഷയും തമ്മിലുള്ള വ്യത്യാസം. പിന്നെ സിലബസ് ഗ്രഹിക്കാത്തത്. സാധാരണക്കാരായ കുട്ടികളെ അപേക്ഷിച്ച് ആദിവാസി കുട്ടികള്‍ക്ക് പഠനകാര്യത്തില്‍ രക്ഷിതാക്കളുടെ പിന്തുണ ലഭിക്കാറില്ല. മിക്ക രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസമുണ്ടാവില്ല. ജീവിക്കാനുള്ള തിരക്കില്‍ പലരക്ഷിതാക്കളും പത്തോ പന്ത്രണ്ടോ വയസാകുമ്പോള്‍ കുട്ടികളെ കൂലിപ്പണിക്ക് വിടുകയാണ് ചെയ്യുന്നത്.
ഞങ്ങളുടെ സമുദായങ്ങളില്‍ ആചാരങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇപ്പോള്‍ വിവാഹത്തിന്റെ കാര്യം തന്നെ എടുത്താല്‍ വളരെ നീണ്ട ചടങ്ങാണത്. മൂന്ന് നാല് ദിവസമെടുക്കും. ഇന്നത്തെ കാലത്ത് വന്‍ ചിലവും വരും. അതില്‍ ഇതുപോലുള്ള ചടങ്ങുകളും ആചാരങ്ങളും അതുപോലെ പിന്തുടരാന്‍ പുതുതലമുറ മടിക്കുന്നു. പിന്നെ ഇവര്‍ക്കിടയില്‍ ഒരപകര്‍ഷതാ ബോധവുമുണ്ട്.
രണ്ടാമത്തെ കാരണമെന്താണെന്നാല്‍ ഒരു പത്ത് പതിനാറ് വയസാകുമ്പോഴേക്കും പിള്ളേര് കല്ല്യാണം കഴിക്കുകയാണ്. കല്ല്യാണം കഴിക്കുകയല്ല അവര്‍ പരസ്പരം ഇഷ്ടപ്പെട്ട് ഒളിച്ചോടുകയാണ്. ഫോട്ടോഗ്രാഫറിലെ മണിയൊക്കെ അങ്ങനെ കല്ല്യാണം കഴിച്ചതാണ്.
പിന്നെ വിശ്വാസമില്ലായ്മ, പാരമ്പര്യമായി പിന്തുടരുന്ന വിശ്വാസങ്ങളില്‍ നിന്ന് മാറിപോകുന്നു. പുതിയ മതങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാകുന്നുണ്ട്.
ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം വന്‍തോതില്‍ വര്‍ധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടല്ലോ? അത് ശരിയാണോ?
ഉണ്ട്. ഇപ്പോള്‍ വയനാട്ടില്‍ തന്നെ പത്തിരുപത് ശതമാനത്തോളം ആളുകള്‍ ക്രിസ്റ്റുമതത്തിലേക്ക് മാറിക്കഴിഞ്ഞു. കുറേപ്പേര്‍ ഇതിന് തയ്യാറാവുന്നില്ലെങ്കില്‍ കൂടി അവരിലും മാറ്റങ്ങളുണ്ട്. വിദ്യാസമ്പന്നര്‍ പോലും സ്വന്തം ഗോത്രത്തിലോ തനിമയിലേക്കോ തിരിച്ചുവരാതെ പുതിയതിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.
ബാഹ്യശക്തികള്‍ മതപരമായ വിശ്വാസം ഇവര്‍ക്ക് കൊടുക്കുകയാണ്. മരിച്ചുകഴിഞ്ഞിട്ട് ഇങ്ങനെയൊരു ലോകത്തിലെത്തും, അല്ലാത്തവര് അഗ്നിയില്‍പ്പെട്ട് നശിക്കും എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ ആള്‍ക്കാര്‍ക്ക് കൊടുക്കുന്നു. ഇത്തരം വിശ്വാസങ്ങള്‍ കൊടുത്തുകഴിഞ്ഞാല്‍ സാധാരണഗതിയില്‍ ആള്‍ക്കാര് മാറുമല്ലോ. അത് ശരിക്ക് മനസിലാക്കി കൊണ്ടുപോകുകയാണെങ്കില്‍ പ്രശ്‌നമില്ല. പക്ഷെ അന്ധമായി വിശ്വസിച്ച് പിന്തുടരുകയാണ് ചെയ്യുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ആദിവാസികളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് വരുന്നതായി സര്‍വ്വേ ഫലങ്ങളുണ്ട്. അതിന് കാരണമെന്താണ്?
മരണങ്ങള്‍ തന്നെയാണ് പ്രധാന കാരണം. വയസാകുന്നതിന് മുമ്പ് തന്നെ മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പിന്നെ പത്ത് നാല്‍പ്പത് വയസായ ആളുകള്‍ വരെ വളരെ പ്രായക്കൂടുതലുള്ളതായി തോന്നുകയാണ്. മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കാരണം. കഠിനാധ്വാനവും പ്രശ്‌നമുണ്ട്.
പുതിയ തലമുറ ഉണ്ടാവാത്ത അവസ്ഥയുമുണ്ട്. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാവുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും സമ്മര്‍ദ്ദം വരും. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നൊക്കെ ഇത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ നിര്‍ബന്ധിത വന്ധീകരണം വരെ നടന്നിട്ടുണ്ട്. ഇപ്പോള്‍ അത് നടക്കുന്നില്ല. എങ്കിലും സ്വയം വന്ധീകരണം ചെയ്യുന്നവരുണ്ട്. രണ്ടുകുട്ടികളിലൊതുങ്ങുന്നതാണ് കുടുംബം എന്ന ധാരണ ആദിവാസികളെയും പിടികൂട്ടിയുണ്ട്.
പൊതുസമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദിവാസി സ്ത്രീകള്‍ക്ക് സ്വന്തം സമൂഹത്തില്‍ പുരുഷന്മാര്‍ക്കൊപ്പം പ്രാധാന്യം നല്‍കുന്നുണ്ടോ?
ആദിവാസി വിഭാഗത്തില്‍ പുരുഷനൊളൊന്നും തന്നെ സ്ത്രീയ്ക്ക് പ്രാധാന്യമുണ്ട്. ഇന്നത്തെ അവസ്ഥയില്‍ ഒരു കുടുംബത്തില്‍ നാഥനില്ലെങ്കില്‍ തന്നെ നിലനിന്ന് പോകും. മറ്റ് സമുദായങ്ങള്‍ കണ്ടുപഠിക്കേണ്ടതാണിത്. ആചാര പ്രകാരം പുരുഷദൈവങ്ങളെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് സ്ത്രീദൈവങ്ങളും.
കുടുംബം?
ഭര്‍ത്താവ് സന്തോഷ്. കനവിലെ പ്രവര്‍ത്തകനാണ്. രണ്ടുകുട്ടികളുണ്ട്.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വായിക്കുക: