രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദകോളേജ് വയനാട്ടില്‍; കേന്ദ്രാനുനുമതി ലഭിച്ചു
Kerala News
രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദകോളേജ് വയനാട്ടില്‍; കേന്ദ്രാനുനുമതി ലഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2018, 6:41 pm

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ കോളേജിന് വയനാട് ജില്ലയില്‍ വഴിയൊരുങ്ങുന്നു. 50 ശതമാനം സീറ്റും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് നല്‍കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കോളേജിനാണ് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചത്.

രാഷ്ട്രീയ ഉച്ഛതാ ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മാതൃക ബിരുദ കോളേജുകള്‍ പടുത്തുയര്‍ത്തുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് വയനാടില്‍ പുതിയ കോളേജിന് അനുമതി ലഭിച്ചത്.

വിദ്യഭ്യാസരംഗത്തു പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ എഴുപത് ജില്ലകളിലാണ് പുതിയ കോളേജുകള്‍ സ്ഥാപിക്കുന്നത്. ജില്ലകളുടെ പട്ടികയില്‍ വയനാടിനെ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് കോളേജിന് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തില്‍ വയനാടിനെ പിന്നോക്ക ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.


Read Also : രേഖാമൂലം പരാതി നല്‍കിയില്ലെന്ന പ്രസ്താവന; മോഹന്‍ലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി


ദല്‍ഹിയില്‍ ചേര്‍ന്ന റൂസയുടെ 12ാം പദ്ധതി അവലോകന യോഗത്തിലാണ് വയനാടിനെ പിന്നോക്ക ജില്ലാ വിഭാഗ പട്ടികയിലുള്‍പ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് സര്‍ക്കാരിനു ലഭിക്കുന്നത്. കോളേജ് അനുവദിക്കണമെങ്കില്‍ 4 മുതല്‍ 10 ഏക്കര്‍ വരെ ഭൂമി കണ്ടെത്തി നല്‍കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു. പത്ത് ഏക്കര്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് കോളേജ് അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്.

15 കോടി രൂപയാണ് പദ്ധതിയ്ക്കുവേണ്ടി ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതില്‍ 40% കേന്ദ്രവും 60% കേരളവും വഹിക്കും.

കോളേജിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 50% സീറ്റുകളിലും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരെ തന്നെ ചേര്‍ക്കാന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വൈത്തിരിയില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ കോളേജ് വയനാട്ടിലെ രണ്ടാമത്തെ സര്‍ക്കാര്‍ കോളേജാണ്.