തിരുവനന്തപുരം: ചികിത്സാ സഹായത്തിനായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ.
ഫിറോസ് കുന്നംപറമ്പിലും സാജന്‍ കേച്ചേരിയുമടക്കം ആരോപണം ഉയര്‍ന്ന മുഴുവന്‍ ആളുകളുടെയും പണമിടപാടുകള്‍ പരിശോധിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
നടന്നത് ഹവാല ഇടപാട് അല്ല. കാരണം വര്‍ഷയുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വന്നിരിക്കുന്നത്. മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ്. ആരാണ് കാശിട്ടതെന്ന് കണ്ടെത്താന്‍ കഴിയും. ബാങ്ക് വഴിയല്ലാത്ത ഇടപാടുകളെയാണ് ഹവാല ഇടപാടുകള്‍ എന്ന് പറയുക എന്നും വിജയ് സാഖറെ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി വര്‍ഷയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫേസ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. തുടര്‍ന്ന് നിരവധിപേര്‍ വര്‍ഷയെ സഹായിക്കാനായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സഹായിച്ചവര്‍ തന്നെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം വര്‍ഷ വെളിപ്പെടുത്തിയിരുന്നു.
അതേസമയം വര്‍ഷയ്ക്ക് സഹായവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി എത്തിയിരുന്നു.വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇതിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് നിരന്തരം ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി.
അതേസമയം ചികിത്സയ്ക്കായി സാമൂഹ്യമാധ്യമങ്ങള്‍ വഴി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞിരുന്നു. ഒരു കോടി രൂപയിലധികമാണ് വര്‍ഷ എന്ന പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.
ചികിത്സയ്ക്കുള്ള പണം തികഞ്ഞെന്ന് പറഞ്ഞിട്ടും വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തുകയായിരുന്നു. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നതെന്ന് ഡി.സി.പി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ