| Monday, 6th February 2023, 7:03 pm

പര്‍വതീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും അവലോകനങ്ങളുമാണ് ബജറ്റിനെതിരെ ഉയരുന്നത്; സര്‍ക്കാര്‍ ശ്രമം കേന്ദ്ര അവഗണനയെ നേരിടുകയാണെന്ന് ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

2023-24 സംസ്ഥാന ബജറ്റുമായുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. വ്യാവസായിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ച് സംസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ ഊന്നലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

മേക് ഇന്‍ കേരള പദ്ധതിയിലൂടെ തദ്ദേശീയമായ ഉത്പാദനം വര്‍ധിപ്പിക്കുകയും വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ ഭാവി വികസനത്തിന്റെ കവാടമായി മാറ്റുകയും ചെയ്യുക എന്നതുള്‍പ്പെടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിര്‍ദേശങ്ങളില്‍ മദ്യത്തിന് ചെറിയതോതില്‍ വില വര്‍ധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേല്‍ രണ്ട് സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അതിനെ പര്‍വതീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും അവലോകനങ്ങളുമാണ് ബജറ്റിനെതിരെ ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ കുറവാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതത്തില്‍ ഏകദേശം 24000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നതെന്നും കോവിഡിന്റെ പ്രതിസന്ധികളില്‍നിന്ന് സംസ്ഥാന സമ്പദ് വ്യവസ്ഥ കരകയറി വന്നപ്പോള്‍ അങ്ങേയറ്റം പ്രതിലോമകരമായ സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
ഇത് സംസ്ഥാത്തിന്റെ ധനഞെരുക്കം ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണെന്നത് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഈ ബുദ്ധിമുട്ടുകളൊന്നും നാട്ടിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടാണ് ബജറ്റ് തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെയെല്ലാം ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ തനതു വരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 13000 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായതെന്നും ഈ വര്‍ഷം 13000 കോടിയിലധികം രൂപയുടെ വര്‍ധനവ് കൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിലെ ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് അത് നല്‍കിവന്നിരുന്നത്. 18 മാസമായി മുടങ്ങിക്കിടന്ന പെന്‍ഷന്‍ കൊടുത്തുതീര്‍ത്തത് തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ്.

57 ലക്ഷത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. 950 കോടി രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത്.
ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിടവ് നികത്താന്‍ കടമെടുക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം വരുത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ചെറിയ രീതിയില്‍ എങ്കിലും ചില മേഖലകളില്‍ നികുതി വര്‍ദ്ധിപ്പിക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചത്.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഒന്നും ഒരു കാരണവശാലും തടസപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് നികുതി ചുമത്താന്‍ അധികാരം ഉള്ളത്. സെസും സര്‍ചാര്‍ജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രം ചുമത്തുന്ന സെസുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉത്പന്നങ്ങളാണ്. ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണമിതാണ്” മന്ത്രി പറഞ്ഞു.

content highlight: The Finance Minister said that the government’s efforts are facing central neglect

We use cookies to give you the best possible experience. Learn more