| Tuesday, 21st January 2025, 6:30 pm

വയനാട് ദുരന്തത്തില്‍ കാണാതായവരുടെ അന്തിമപട്ടിക പുറത്തുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ അന്തിമ പട്ടിക പുറത്തുവിട്ടു. ആകെ 32പേരെയാണ് കാണാതായതെന്നാണ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.

മുണ്ടക്കൈയില്‍ നിന്ന് 13 പേരെ കാണാതായതായും ചൂരല്‍ മലയില്‍ നിന്ന് 14 പേരെയും മേപ്പാടിയില്‍ നിന്ന് രണ്ട് പേരെയും ഒഡീഷ ബീഹാര്‍ സ്വദേശികളായ 3 പേരെയും കാണാതായതായി പുറത്തുവിട്ട പട്ടികയില്‍ പറയുന്നു.

കാണാതായവരെ മരിച്ചതായി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും നേരത്തെ ഉത്തരവിട്ടിരുന്നു.

പട്ടികയ്ക്ക് നേരത്തെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ലിസ്റ്റിന് അംഗീകാരം ലഭിച്ചിരുന്നത്.

വെള്ളരിമല വില്ലേജ് ഓഫീസര്‍, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് കാണാതായവരുടെ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കിയത്.

പ്രസ്തുത ലിസ്റ്റ് ഇനി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സംസ്ഥാന സമിതിയും അംഗീകരിക്കണം.

അതിനുശേഷമായിരിക്കും ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മരിച്ചവരായി കണക്കാക്കുക. തുടര്‍ന്ന് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം അടക്കമുള്ള അനുകൂല്യങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ കഴിയും.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 298 ആളുകളാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടത്. ലിസ്റ്റ് അംഗീകരിക്കപ്പെടുന്നതോടെ ഇത് കണക്കില്‍ വര്‍ധനവുണ്ടാകും.

2024 ജൂലൈ 30ന് പുലര്‍ച്ചെയോടെയാണ് വയനാട്, വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരല്‍മല, വെള്ളരിമല വില്ലേജുകളില്‍ ഉരുള്‍പൊട്ടലുണ്ടായത്.

Content Highlight: The final list of those missing in the Wayanad disaster has been released

We use cookies to give you the best possible experience. Learn more