ന്യൂദല്‍ഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേത്. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളില്‍ നിന്നും ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും അഭിപ്രായം തേടി. ഇവര്‍ ചൊവ്വാഴ്ച രാത്രി ദല്‍ഹിയിലെത്തിയ ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിച്ചു. അന്തിമ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാകും.
നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ ചര്‍ച്ച നടുത്തും. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വി.ഡി.സതീശന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് സൂചന.
സംഘടനയില്‍ നേതൃത്വ മാറ്റം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന് അഭിപ്രായ ഭിന്നതയില്ല. കൂടുതല്‍ യുവ എം.എല്‍.എമാര്‍ വി.ഡി. സതീശനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 85,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പന്തലിലാണ് ചടങ്ങ്.
രാവിലെ മുഖ്യമന്ത്രിയും സി.പി.ഐ.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലെയും വലിയചുടുകാടിലെയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും സത്യപ്രതിജ്ഞയ്ക്ക് എത്തുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ അഞ്ഞൂറില്‍ താഴെ പേരെയാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക