| Thursday, 13th October 2022, 8:04 am

പൃഥ്വിരാജുമൊത്തുള്ള ചിത്രം ഇനി നടക്കില്ല; സംവിധാനം ചെയ്യാനിരുന്ന ചിത്രത്തെ പറ്റി കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രം ഇനി നടക്കില്ലെന്ന് നടന്‍ കോട്ടയം നസീര്‍. കൊവിഡിന്റെ സമയത്തായിരുന്നു പൃഥ്വിരാജിനോട് ചിത്രത്തിന്റെ കഥ പറഞ്ഞതെന്നും അദ്ദേഹം വലിയ എക്‌സൈറ്റ്‌മെന്റോടെയാണ് കഥ കേട്ടിരുന്നതെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നസീര്‍ പറഞ്ഞു.

‘ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് രാജു കഥ കേട്ടത്. വളരെ എക്‌സൈറ്റഡായിട്ട് ഇരുന്നാണ് കഥ കേട്ടത്. ഒരു മാസ് സ്‌റ്റോറിയായിരുന്നു. രാജുവിന് ചെയ്യാന്‍ പറ്റുന്ന 80 കാലഘട്ടത്തിലുള്ള ഒരു അച്ചായന്‍ കഥാപാത്രമായിരുന്നു അത്. ടെക്‌നിക്കല്‍ സൈഡൊക്കെ യൂസ് ചെയ്യാന്‍ പറ്റുന്നതായിരുന്നു.

ഞാന്‍ പെയിന്റിങ്ങൊക്കെ ചെയ്യുന്നതുകൊണ്ട് നല്ല വിഷ്വല്‍സ് വേണമെന്ന് ആഗ്രഹമുള്ളയാളാണ്. ഒരു ഡയറക്ടറെന്ന നിലയില്‍ എന്റെ എന്തൊക്കെ കാലിബറാണ് അതില്‍ യൂസ് ചെയ്യാന്‍ പറ്റുന്നത്, അതെല്ലാം അതില്‍ വേണമെന്ന് ആഗ്രഹിക്കുന്ന രീതിയില്‍ ഞാന്‍ ഉണ്ടാക്കിയെടുത്ത ഒരു സ്‌ക്രിപ്റ്റായിരുന്നു. അത് മഹത്തരമാണെന്നല്ല ഞാന്‍ പറയുന്നത്.

രാജു അത് കേട്ടിട്ട് ഭയങ്കരമായി എന്‍ജോയ് ചെയ്തു. അന്ന് ഞങ്ങള്‍ തമ്മില്‍ ഒരു ഡിസ്‌കഷന്‍ തന്നെ കഴിഞ്ഞു. ഏത് ക്യാമറ, ആര്‍ട്ടിസ്റ്റുകള്‍ ഏതൊക്കെ എന്ന് ചര്‍ച്ച ചെയ്തു. ഇക്ക ധൃതി വെക്കരുത്, ഒന്ന് വെയ്റ്റ് ചെയ്യണമെന്ന് രാജു പറഞ്ഞു. കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു.

അത് കഴിഞ്ഞിട്ടാണ് കൊവിഡ് വരുന്നത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ ചാര്‍ട്ടും കാര്യങ്ങളുമൊക്കെ പൊളിഞ്ഞു. അതിനിടക്ക് കടുവ വന്നു. കടുവയിലും സമാനമായ അച്ചായന്‍ കഥാപാത്രമാണല്ലോ. തല്‍ക്കാലത്തേക്ക് വേണ്ടെന്നുള്ള രീതിയില്‍ അതങ്ങ് മാറ്റിവെച്ചു,’ നസീര്‍ പറഞ്ഞു.

റോഷാക്ക് ആണ് ഒടുവില്‍ നസീര്‍ അഭിനയിച്ച് പുറത്ത് വന്ന ചിത്രം. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ നസീറിന്റെ ശശാങ്കന്‍ എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. കെട്ട്യോളാണെന്റ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിസാം ബഷീര്‍ ആണ് റോഷാക്ക് സംവിധാനം ചെയ്തത്.

Content Highlight: The film with Prithviraj will no longer happen; Kottayam Nazeer about the film he was going to direct

Latest Stories

We use cookies to give you the best possible experience. Learn more