അടുത്ത ദിവസം ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിനെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍ ഫഹദ് ഫാസില്‍. മാലികിന്റെ കഥയായിരുന്നു കഥാപാത്രത്തേക്കാള്‍ എക്‌സൈറ്റായതെന്ന് ഫഹദ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.
ആരാണ് മാലിക് എന്നതിനേക്കാള്‍ മാലിക്കെന്ന സിനിമയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. മഹേഷ് നാരായണന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരാളുടെ 25 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള കാലഘട്ടങ്ങളുണ്ട് സിനിമയില്‍. കുറച്ച് ഭാരം കുറച്ചാണ് മാലികിനെ അപ്രോച്ച് ചെയ്തതെന്നും ഫഹദ് പറഞ്ഞു. തന്റെ ലുക്ക് മാത്രമല്ല സിനിമയാണ് ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ സംബന്ധിച്ചെടുത്തോളം സിനിമകള്‍ പ്രേക്ഷകര്‍ കണ്ടാല്‍ മാത്രം മതി. മാലികിനായുള്ള കാത്തിരിപ്പിന് ഒരുപാട് സമയമായി. ഞങ്ങളും മാലിക് ആളുകളെ കാണിക്കാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു.
സിനിമ ആളുകള്‍ എങ്ങനെ ഏറ്റെടുക്കും എന്നറിയാതെ ഞങ്ങള്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ല. ഇങ്ങനെയൊരു പ്രയാസകരമായ ഘട്ടത്തില്‍ ആമസോണ്‍ വഴി സിനിമക്ക് ഒരു വേള്‍ഡ് പ്രീമിയര്‍ കിട്ടുന്നത് ഭാഗ്യമാണ്. ഇതെല്ലാം ഇനിയും മാറും, ഒരുപാട് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്,’ ഫഹദ് പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്യുന്നത്. നേരത്തെ തിയേറ്ററിലെത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പല തവണ മാറ്റിവെച്ചിരുന്നു.
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.