ഉള്ളൊഴുക്ക് ശാരീരികമായും മാനസികമായും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ച് ചെയ്ത സിനിമ; പുരസ്‌കാരം ക്രിസ്‌റ്റോക്ക് കൂടിയുള്ളത്: ഉര്‍വശി
Entertainment news
ഉള്ളൊഴുക്ക് ശാരീരികമായും മാനസികമായും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ച് ചെയ്ത സിനിമ; പുരസ്‌കാരം ക്രിസ്‌റ്റോക്ക് കൂടിയുള്ളത്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th August 2024, 1:57 pm

തിരുവനന്തപുരം: സിനിമകളില്‍ അഭിനയിക്കുമ്പോള്‍ അവാര്‍ഡുകളെ കുറിച്ച് ആലോചിക്കാറില്ലെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി. 2023 കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് സംവിധായകന്‍ ക്രിസ്‌റ്റോ ടോമിക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്നും ഉര്‍വശി പറഞ്ഞു.

‘അഭിനയിക്കുമ്പോള്‍ ഒരിക്കലും അവാര്‍ഡിനെ കുറിച്ച് ഉള്ളില്‍ വരാറില്ല. സംവിധായകനാണ് അവാര്‍ഡ് തരുന്ന ആദ്യത്തെ വ്യക്തി. അദ്ദേഹം പറയുന്ന ഓക്കെയാണ് ആദ്യത്തെ അവാര്‍ഡ്. പിന്നെ റിലീസിന് ശേഷം പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളുമാണ് അടുത്ത അവാര്‍ഡ്.

ഓരോരുത്തരും അഭിനന്ദിക്കുന്നത് ഓരോ പുരസ്‌കാരങ്ങളാണ്. സിനിമ കണ്ട ഓരോ പ്രേക്ഷകനും നന്നായിരിക്കുന്നു എന്ന് പറയുമ്പോള്‍ ഓരോ പുരസ്‌കാരമായിട്ടാണ് ഞാന്‍ സ്വീകരിക്കുന്നത്. അതിനെല്ലാം സര്‍ക്കാര്‍ തലത്തിലുള്ള ഒരു അംഗീകാരം ലഭിച്ചിരിക്കുന്നു എന്നതില്‍ സന്തോഷം. സ്‌കൂളിലെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം കിട്ടുന്നത് പോലുള്ളൊരു സന്തോഷമാണ്,’ ഉര്‍വശി പറഞ്ഞു.

ആറ് തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ച ഏക നടിയെന്ന നിലയില്‍ സന്തോഷമുണ്ടെന്നും ഊര്‍വശി പറഞ്ഞു. പുരസ്‌കാരങ്ങള്‍ എണ്ണിയിട്ടില്ല എന്നും അവര്‍ പറഞ്ഞു. പാര്‍വതി അപ്പുറത്ത് മത്സരിച്ച് അഭിനയിച്ചതുകൊണ്ടാണ് ഇത്രയും മികച്ചതാക്കാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. പാര്‍വതിയും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അവര്‍ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും ഊര്‍വശി പറഞ്ഞു.

‘ശാരീരികമായും മാനസികമായും വലിയ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ട് ചെയ്ത സിനിമയാണ് ഉള്ളൊഴുക്കെന്നും ഉര്‍വശി പറഞ്ഞു. രാവിലെ മുതല്‍ ഷൂട്ടിങ്ങ് തീരുന്നത് വരെ അരക്കൊപ്പം വെള്ളത്തിലാണ് നില്‍ക്കുന്നത്. കാലൊക്കെ കുറെ കറുത്ത് പോയിട്ടുണ്ട്.

44 ദിവസം ഷൂട്ടുണ്ടായിരുന്നു. അത്രയും ദിവസം കരഞ്ഞുകൊണ്ടിരിക്കാന്‍ കഴിയില്ലായിരുന്നു. അത് ഞാന്‍ സംവിധായകനോടും പറഞ്ഞു. എനിക്ക് ഇഷ്ടമുള്ളത് പോലെ പെര്‍ഫോമന്‍സ് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. പക്ഷെ കരയാതെ കരയുന്നതാണ് ഏറ്റവും പ്രയാസമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. 40 ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ക്ഷീണിച്ചു. പിന്നെ ഞാനായിട്ട് സ്മാര്‍ട്ടാവാനുള്ള ശ്രമം നടത്തിയാണ് പിടിച്ചു നിന്നത്. ഒരു പ്രാവശ്യം കൂടി അങ്ങനെ ചെയ്യാന്‍ ഇനിയെനിക്ക് കഴിയില്ല,’ ഉര്‍വശി പറഞ്ഞു.

വെറുതെ ഒരു സിനിമ ഓടാന്‍ വേണ്ടി മാത്രമല്ലല്ലോ അച്ചുവിന്റെ അമ്മ ഉള്‍പ്പടെയുള്ള സിനിമകള്‍ക്ക് എന്നെ അതിന്റെ സംവിധായകരും എഴുത്തുകാരും നിര്‍ബന്ധിച്ചത് എന്നോര്‍ക്കുമ്പോള്‍ അവരോട് വലിയ സ്‌നേഹമുണ്ടെന്നും ഉര്‍വശി പറഞ്ഞു. അങ്ങനെ തനിക്ക് വേണ്ടി കാത്തിരുന്ന് ചെയ്ത സിനിമകള്‍ക്കെല്ലാം അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഈ സിനിമക്ക് വേണ്ടി സംവിധായകന്‍ ക്രിസ്റ്റോ ടോമി കുറെ കാത്തിരുന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘ക്രിസ്‌റ്റോ എന്റെ അനിയനെ പോലെയാണ്. എനിക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടുണ്ട്. ഓരോ തവണ വിളിക്കുമ്പോഴും എനിക്ക് ഡാര്‍ക്ക് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ചൂടായിട്ട് പോലുമുണ്ട്. അതിന് ക്രിസ്‌റ്റോയോട് സോറി പറയുകയാണ്. ഈ പുരസ്‌കാരം തീര്‍ച്ചയായും ക്രിസ്റ്റോയോക്ക് കൂടിയുള്ളതാണ്,’ ഉര്‍വശി പറഞ്ഞു.

content highlights: The film ullozhukk was made after suffering a lot of physical and mental difficulties. The award also goes to Christ: Urvashi