| Saturday, 23rd April 2022, 12:42 pm

പിഷാരടിയുടെ മകളുടെ അഭിപ്രായം ട്രോളാക്കുമ്പോള്‍ ഞങ്ങളുടെ അധ്വാനവും കൂടി പരിഗണിക്കണം; മറുപടിയുമായി സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് രമേഷ് പിഷാരടി നായകനായ നോ വേ ഔട്ട് എന്ന സര്‍വൈവല്‍ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെ പറ്റി മികച്ച അഭിപ്രായമാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞത്.

എന്നാല്‍ ചിത്രം ഇഷ്ടപ്പെട്ടില്ല എന്ന് പിഷാരടിയുടെ മകള്‍ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നിരവധി ട്രോളുകളും പുറത്ത് വന്നിരുന്നു. പിഷാരടിയുടെ മകള്‍ പീലിയുടെ അഭിപ്രായത്തോട് പ്രതികരിച്ചും ട്രോളന്മാര്‍ക്ക് മറുപടിയുമായും രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ നിതിന്‍ ദേവിദാസ്.

അവള്‍ക്കു 10 വയസ്സാണ് പ്രായമെന്നും സ്‌ക്രീനില്‍ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ലയെന്നും നിതിന്‍ പറഞ്ഞു. മൈക്കും ബഹളവും കണ്ടപ്പോള്‍ അവള്‍ മനസില്‍ തോന്നിയത് തുറന്ന് പറഞ്ഞതാണെന്നും അതൊരു ട്രോള്‍ മെറ്റീരിയലാവുമ്പോള്‍ ഞങ്ങളുടെ അധ്വാനവും കൂടി പരിഗണിക്കണമെന്നും നിതിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പടം മൊത്തത്തില്‍ ഇഷ്ടപ്പെട്ടില്ലെന്നും അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോയെന്നുമാണ് പിഷാരടിയുടെ മകള്‍ ചിത്രത്തെ പറ്റി പറഞ്ഞത്. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും തനിക്ക് പക്ഷെ ഇഷ്ടപ്പെട്ടില്ലെന്നും പീലി കൂട്ടിച്ചേര്‍ത്തു.

‘അവള്‍ക്ക് സിനിമയും കഥാപാത്രവും ഒന്നും ഇല്ല. അച്ഛനാണ് വേദനിക്കുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയാണ് അവരെ ഭയരഹിതരാക്കുന്നത് എന്നാണ് മകളുടെ പ്രതികരണത്തെ പറ്റി പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.

നിതിന്‍ ദേവിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

അവള്‍ക്കു 10 വയസ്സാണ് പ്രായം..
സ്‌ക്രീനില്‍ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ല?? അച്ഛന്‍ ദേഷ്യപ്പെടുന്നതോ.. പ്ലേറ്റ് എറിഞ്ഞു ഉടയ്ക്കുന്നതോ ഒന്നും അവള്‍ കണ്ടിട്ടില്ല.. കഴുത്തില്‍ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവള്‍ക്ക് സഹിക്കില്ല.(രമേശേട്ടന്റെ വീട്ടില്‍ ഒരിക്കലെങ്കിലും പോയവര്‍ക്ക് അത് മനസിലാവും )
മൈക്കും ആള്‍കൂട്ടവും നിരന്തരം ഒരേ ചോദ്യം ചോദിച്ചപ്പോഴും അവള്‍ മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞു.

അതൊരു ട്രോള്‍ മറ്റീരിയലായി മാറുമ്പോള്‍…. ഒരു പാട് പേര്‍ ഒരു മികച്ച സര്‍വയിവല്‍ ത്രില്ലെര്‍ അനുഭവമായി എന്ന് പറയുന്ന ചെറിയ ചിത്രത്തെയും ഞങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണം ഓര്‍ക്കണം.

Content Highlight: The film’s director Nitin Devidas has responded to Pisharody’s daughter Peely’s comments and trolls

We use cookies to give you the best possible experience. Learn more