ഇടിമിന്നല്‍ പതിച്ച് തീഗോളമായി മാറുന്നത് കണ്ട് പലരും പേടിച്ചു, ഈ പണിക്ക് ഞങ്ങളില്ലെന്ന് പറഞ്ഞ് പിന്തിരിയാന്‍ ശ്രമിച്ചവരുണ്ട്; ഇലവീഴാപൂഞ്ചിറയുടെ കലാസംവിധായകന്‍
Film News
ഇടിമിന്നല്‍ പതിച്ച് തീഗോളമായി മാറുന്നത് കണ്ട് പലരും പേടിച്ചു, ഈ പണിക്ക് ഞങ്ങളില്ലെന്ന് പറഞ്ഞ് പിന്തിരിയാന്‍ ശ്രമിച്ചവരുണ്ട്; ഇലവീഴാപൂഞ്ചിറയുടെ കലാസംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th July 2022, 5:12 pm

സൗബിന്‍ ഷാഹിര്‍ നായകനായ ഇലവീഴാപൂഞ്ചിറ ജൂണ്‍ 15നാണ് തിയേറ്ററുകളിലെത്തിയത്. ഇലവീഴാപൂഞ്ചിറ എന്ന മലമുകളിലെ പൊലീസുകാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ കാലാവസ്ഥയും ഒരു പ്രധാനകഥാപാത്രമായിരുന്നു. അപ്രതീക്ഷിതമായി കാര്‍മേഘം മൂടുന്ന വാനവും ഇടിമിന്നലും കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനേയും പേടിപ്പിച്ചു.

ഷൂട്ട് നടന്നപ്പോഴും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ പ്രതിസന്ധികളെല്ലാം നേരിട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് വീക്ഷണത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ കലാസംവിധായകന്‍ ദിലീപ് നാഥ്.

‘സിനിമയില്‍ കാണുന്ന പൊലീസ് വയര്‍ലെസ് സ്റ്റേഷന്‍ യഥാര്‍ത്ഥമല്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്നേ ഇലവീഴാപൂഞ്ചിറയിലെത്തി കഠിനാധ്വാനം ചെയ്തുണ്ടാക്കിയതാണ് അത്. അല്‍പം മാറിയുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് കുറേ വര്‍ഷങ്ങളായി വയര്‍ലെസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസിന്റെ ഏറ്റവും നിര്‍ണായക ഔദ്യോഗിക കേന്ദ്രത്തില്‍ ഷൂട്ടിങിന് അനുവാദമില്ലാത്തതിനാല്‍, തൊട്ടടുത്ത് പഴകിപ്പൊളിഞ്ഞു കിടന്ന ഒരു തകരക്കൂടിനെ ഈ രൂപത്തിലാക്കിയെടുക്കുകയായിരുന്നു സിനിമാ സംഘം,’ ദിലീപ് പറയുന്നു.

May be an image of 1 person

‘മാനം കറുത്താല്‍ എവിടെയെങ്കിലും സുരക്ഷിതമായി ഒളിച്ചിരിക്കുക എന്നതായിരുന്നു ആദ്യപാഠം. പണി ചെയ്യുന്നതിനിടെ, തൊട്ടുമുന്നില്‍ ഇടിമിന്നല്‍ വന്നു പതിക്കുന്നത് കണ്ട് ശ്വാസം നിലച്ചുപോയിട്ടുണ്ട്. പൊലീസ് അവിടെ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ്‌നിങ് അറസ്റ്ററില്‍ ഇടിമിന്നല്‍ പതിച്ച് തീഗോളമായി മാറുന്നത് കണ്ട് ജോലിക്കാരില്‍ പലരും പേടിച്ചു. ഈ പണിക്ക് ഞങ്ങളില്ലെന്ന് പറഞ്ഞ് പിന്തിരിയാന്‍ ശ്രമിച്ചവരും ഉണ്ട്.

അത്രയ്ക്ക് ഭീതിജനകമായ അന്തരീക്ഷമായിരുന്നു അത്. ചിലപ്പോള്‍ ഭിത്തിയില്‍ ഘടിപ്പിച്ച ഇലക്ട്രിക് പ്ലഗ് പോയിന്റില്‍ നിന്ന് തീപ്പൊരു പാറും. മറ്റ് ചിലപ്പോള്‍ ഫാനില്‍ നിന്ന് ശബ്ദമുയര്‍ന്ന് തീയും പുകയും വരും.

കാര്‍മേഘം ഉരുണ്ടു കൂടുമ്പോഴേ അവിടെ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് അറിയാം ഇനിയെന്ത് സംഭവിക്കുമെന്ന്. അവര്‍ ഞങ്ങളെ അവരുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മാറ്റും. താഴെ റബ്ബര്‍ ഷീറ്റ് വിരിച്ച ഒരു സ്ഥലം ചൂണ്ടിക്കാട്ടി എല്ലാവരും അവിടെ പോയി നില്‍ക്കാന്‍ പറയും,’ ദിലീപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: The film’s art director Dilip Nath talks about the challenges he faced during the shooting of ela veezha poonjira